ചാത്തന്നൂർ: അന്തർ സംസ്ഥാനയാത്രക്കാരുടെ തിരക്ക് ഏറെയുള്ള മേയ്, ജൂൺ ജൂലൈ മാസങ്ങളിൽ കെഎസ്ആർടിസിയുടെയും കെ സ്വിഫ്റ്റിന്റെയും ബസുകളിൽ ഫ്ലെക്സി നിരക്ക് (സീസൺ അസുസരിച്ച് ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരുത്തുക) നടപ്പാക്കും.
ഈ മാസങ്ങളിൽ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് അഡീഷണൽ സർവീസുകളും നടത്തും. കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളിലേക്കായിരിക്കും അഡീഷണൽ സർവീസുകൾ.
അന്തർ സംസ്ഥാന സർവീസുകളുടെ ആകെ ദൂരത്തിന്റെ 75 ശതമാനത്തിലധികം വരുന്ന ദൂരത്തിലേക്ക് ഏത് സമയവും ടിക്കറ്റ് റിസർവ് ചെയ്യാം.
യാത്രക്കാരുടെ തിരക്ക് കുറവുള്ള ചൊവ്വ, ബുധൻ വ്യാഴം ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിളവ് ലഭിക്കും. എസി സ്ലീപ്പർ, മൾട്ടി ആക്സിൽ, എസി സീറ്റർ എന്നീ അന്തർ സംസ്ഥാന സർവീസുകളിൽ 15 ശതമാനമായിരിക്കും നിരക്കിളവ്. എന്നാൽ വെള്ളി, ശനി ,ഞായർ ദിവസങ്ങളിൽ 30 ശതമാനം കൂടുതലായിരിക്കും ടിക്കറ്റ് നിരക്ക്.
സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ചൊവ്വ, ബുധൻ വ്യാഴം ദിവസങ്ങളിൽ സാധാരണ നിരക്കായിരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 30 ശതമാനം കൂടുതലായിരിക്കും.
തിരക്ക് കുറവുള്ള ഭാഗത്തേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിനായി മാന്വൽ ടിക്കറ്റുകൾക്ക് പത്തു ശതമാനവും ഓൺലൈൻ റിസർവേഷൻ ടിക്കറ്റുകൾക്ക് 15 ശതമാനവും നിരക്കിളവ് ഉണ്ടായിരിക്കും.
പ്രദീപ് ചാത്തന്നൂർ