ജാതകത്തിന്റെ പേരു പറഞ്ഞ് വീട്ടുകാര്‍ വിവാഹം മുടക്കി ! ഒടുവില്‍ 20 വര്‍ഷത്തിനു ശേഷം ഗിരിയെയും താരയെയും ഒന്നിപ്പിച്ചത് കെഎസ്ആര്‍ടിസി; ആ അപൂര്‍വ പ്രണയകഥ അറിയാം…

ചില പ്രണയങ്ങള്‍ അങ്ങനെയാണ് നിരവധി വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് സഫലമാകുന്നത്.

വീട്ടുകാരുടെയും നാട്ടുകാരുടെയും ജാതകത്തിന്റെയും രൂപത്തില്‍ ജീവിതത്തില്‍ കടന്നു വരുന്ന പല വില്ലന്മാരെയും അതിജീവിച്ചതിനു ശേഷമാകും ആ പ്രണയം സാക്ഷാത്കരിക്കപ്പെടുന്നത്.

ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഗിരി ഗോപിനാഥിന്റെയും കണ്ടക്ടര്‍ താരയുടെയും വിവാഹവും അത്തരത്തിലൊന്നായിരുന്നു.

പ്രണയം പരസ്പരം തുറന്നു പറഞ്ഞിട്ടും വിധി ഇരുവരെയും ഒന്നിപ്പിച്ചത് 20 വര്‍ഷങ്ങള്‍ക്കു ശേഷം. ഇതിനിടയില്‍ പ്രവര്‍ത്തിച്ചതാവട്ടെ ആനവണ്ടിയും.

ജാതകത്തിലെ പൊരുത്തക്കേടുകള്‍ പറഞ്ഞാണ് ഇരുപതാണ്ട് മുമ്പ് വീട്ടുകാര്‍ ഇവരുടെ വിവാഹത്തെ എതിര്‍ത്തത്. ക്ഷമയോടെ കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം.

ഗിരിക്ക് കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവറായി ജോലി കിട്ടിയപ്പോള്‍ സ്വകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് താരയും പി.എസ്.സി. ടെസ്റ്റ് എഴുതി.

അങ്ങനെ ഗിരിക്കൊപ്പം കണ്ടക്ടറായി. 10 വര്‍ഷമായി താരയുടെ ബെല്ലിനൊപ്പം ഗിരി ബസ് ഓടിക്കുന്നു.

ഒടുവില്‍ ഇരുവരുടേയും കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഞായറാഴ്ച കരുനാഗപ്പള്ളി കല്ലേശ്ശേരില്‍ ഭദ്രകാളീക്ഷേത്രത്തില്‍വെച്ച് ഗിരി താരയ്ക്ക് താലികെട്ടി.

എതിര്‍പ്പുകള്‍ ഇല്ലാതായിട്ടല്ല. കൊറോണയായതിനാല്‍ ആഡംബരമില്ലാതെ കല്യാണം നടത്താനുള്ള വഴി തെളിഞ്ഞു ഇവര്‍ക്കുമുന്നില്‍.

ഈ അവസരം വിനിയോഗിച്ചില്ലെങ്കില്‍ ഇത്രയും വൈകിയതിനെച്ചൊല്ലിയുള്ള നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് കുഴഞ്ഞുപോയേനെയെന്ന് നവദമ്പതികള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നു.

ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവറാണ് കരുവാറ്റ വേലഞ്ചിറ തോപ്പില്‍ ഗിരി ഗോപിനാഥ്. മുതുകുളത്ത് അമ്മാവന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്.

വര്‍ഷം 2000. അന്ന് താരയ്ക്ക് 24 വയസ്സ്. ഗിരിക്ക് 26. പരസ്പരം ഇഷ്ടപ്പെട്ട് കല്യാണാലോചന തുടങ്ങിയപ്പോഴാണ് ജാതകം വില്ലനായത്.

ജാതകച്ചേര്‍ച്ചയില്ലാത്ത വിവാഹം ആപത്തുവരുത്തുമെന്നായിരുന്നു ഗിരിയുടെ അച്ഛന്‍ ഗോപിനാഥന്റെ വിശ്വാസം.

അച്ഛനെ വിഷമിപ്പിക്കേണ്ടെന്ന കരുതി വിവാഹം നീട്ടിവയ്ക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഗോപിനാഥന്‍ ഏഴുമാസം മുന്‍പ് മരിച്ചു. അച്ഛന്റെ കാലശേഷമാണ് വിവാഹത്തെപ്പറ്റി ചിന്തിക്കുന്നത്.

ഗിരിയുടെയും താരയുടെയും സഹോദരിമാരുടെ വിവാഹം മുമ്പു തന്നെ നടന്നിരുന്നു. 2007ലാണ് ഗിരി കെഎസ്ആര്‍ടിസിയില്‍ ജോലിയ്ക്കു കയറുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം താര കണ്ടക്ടറായെത്തുകയും ചെയ്തു.

ഹരിപ്പാട്- കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍, ഹരിപ്പാട് -ചവറ-ചേര്‍ത്തല ലോ ഫ്‌ളോര്‍ ബസുകളില്‍ ഇരുവരും ഏറെനാള്‍ ഒന്നിച്ചു ജോലിചെയ്തു. ആറുമാസമായി കരുനാഗപ്പള്ളി ഓര്‍ഡിനറിയിലാണ്. 10 വര്‍ഷത്തിനിടെ കഷ്ടിച്ച് ഒന്നരവര്‍ഷം മാത്രമാണ് ഇരുവരും വെവ്വേറെ ബസുകളില്‍ ജോലിചെയ്തത്.

ഓടിക്കുന്ന ബസുകളില്‍ ആധുനിക സൗണ്ട് സിസ്റ്റവും അനുബന്ധസൗകര്യങ്ങളും ഒരുക്കുന്നതാണ് ഗിരിയുടെ ശീലം.

ഇപ്പോള്‍ ഒടിക്കുന്ന കരുനാഗപ്പള്ളി റൂട്ടിലെ ഓര്‍ഡിനറി ആര്‍.എസ്.എ. 220 ബസില്‍ സ്റ്റീല്‍ വീല്‍ കപ്പുകളും സൗണ്ട് സിസ്റ്റവും വൃത്തിയുള്ള സീറ്റുകളും കിന്നരി തൂക്കി അലങ്കരിച്ച ഉള്‍വശവുമെല്ലാം ചേര്‍ത്ത് മോടിയാക്കിയിരിക്കുന്നു. എന്തായാലും ആനവണ്ടി കാരണമാണ് ഇവരുടെ ജീവിതം തളിരണിഞ്ഞതെന്ന് നിസംശയം പറയാം.

Related posts

Leave a Comment