സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശന്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയും തൊഴിലാളി സംഘടനകളുമായുള്ള തർക്കം തുടരുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ ഗതാഗത മന്ത്രിയാക്കണമെന്ന ആവശ്യവുമായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം.
സിഎംഡി ബിജു പ്രഭാകറിനെ പിരിച്ചുവിടണമെന്നും ടോമിൻ തച്ചങ്കരിയെ കെഎസ് ആർടിസി സിഎംഡിയായി തിരിച്ചുവിളിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററുകളിൽ പറയുന്നു.
സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളുടെ പേരിലാണ് പോസ്റ്ററുകൾ പ്രചരിക്കുന്നത്. എന്നാൽ, ഇതു വ്യാജ പ്രചാരണമാണെന്നും പോസ്റ്ററുകൾക്കു പിന്നിൽ തങ്ങളല്ലെന്നും വ്യക്തമാക്കി തൊഴിലാളി സംഘടനകൾ രംഗത്തെത്തി.
ടിഡിഎഫ്, എഐടിയുസി, ബിഎംഎസ്, സിഐടിയു എന്നീ സംഘടനകളുടെ പേരിലാണ് പോസ്റ്ററുകൾ.”തൊഴിലാളി വഞ്ചക സര്‍ക്കാര്‍ തുലയട്ടെ, പിണറായി സര്‍ക്കാര്‍ തുലയട്ടെ, സിഎംഡി ബിജു പ്രഭാകറിനെ പിരിച്ചുവിടുക, ടോമിന് തച്ചങ്കരിയെ കെഎസ്ആര്‍ടിസി സിഎംഡിയായി നിയമിക്കുക.
‘ തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററിലുണ്ട്. എന്നാൽ, തങ്ങള്‍ ഇത്തരമൊരു പോസ്റ്റര്‍ ഇറക്കിയിട്ടില്ലെന്ന് എഐടിയുസി അറിയിച്ചു. സിഐടിയുവും ടിഡിഎഫും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
ഗതാഗത മന്ത്രിയുമായുള്ള പോര് തുടരുന്നതിനിടെ സമരം കൂടുതൽ കടുപ്പിക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
ഐഎൻടിയുസി അനുകൂല സംഘടനയായ ടിഡിഎഫ് ഇന്ന് ട്രാൻസ്പോർട്ട് ഭവനിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രക്ഷോഭം സംഘടിപ്പിക്കും.
എഐടിയുസി ഇന്ന് കരിദിനം ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കറുത്ത ബാഡ്ജുകൾ ധരിച്ചാവും യൂണിയൻ അംഗങ്ങൾ ഇന്നെത്തുക.
അതേസമയം, പണിമുടക്കിയ സംഘടനകള്‍ക്കെതിരേ ബുധനാഴ്ചയും മന്ത്രി രംഗത്തെത്തി. സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിക്കാതെ പണിമുടക്കിയവര്‍ തന്നെ പ്രശ്നം പരിഹരിക്കണം.
സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി നേട്ടമുണ്ടാക്കേണ്ടെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.