കോട്ടയം: കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്നതിനായി കോട്ടയം നഗരസഭ വിട്ടുനൽകിയ കോടിമതയിലെ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ വീണ്ടും കെഎസ്ആർടിസിക്കു നോട്ടീസ് നല്‍കും. നാളുകൾക്കു മുന്‍പും ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നതാണ്. എന്നാൽ സാവകാശം വേണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം നിരാകരിച്ച നഗരസഭ വീണ്ടും നോട്ടീസ് നൽകാൻ തയാറെടുക്കുകയാണ്.
അടുത്ത കൗണ്‍സിൽ യോഗത്തിൽ ഉൾപ്പെടെ വിഷയം ചർച്ച ചെയ്തശേഷമായിരിക്കും നോട്ടീസ് നല്‍കുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു നഗരസഭ കടക്കുന്നത്. കെ എസ്ആർടിസിയുടെ ഗാരേജ് നിർമാണ ജോലിക്ക് തടസമുണ്ടാകാതിരിക്കാനായി ബസുകൾ പാർക്ക് ചെയ്യാൻ നഗരസഭയുടെ മുൻ ഭരണസമിതി കോടിമതയിലെ സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്യുന്നതിനായി നഗരസഭ ലേലത്തിൽ കൊടുത്ത സ്ഥലമായിരുന്നു ഇത്. രണ്ടുവർഷത്തേക്കു വാടക വാങ്ങാതെയാണ് സ്ഥലം വിട്ടുകൊടുത്തത്.
നാലുവർഷമായിട്ടും സ്ഥലം ഒഴിയാൻ കെഎസ്ആർടിസി തയാറായിട്ടില്ല. തന്നെയുമല്ല ഈ സ്ഥലത്തു നിന്നു ഒരുരൂപ പോലും നഗരസഭയ്ക്കു വാടകയായി ലഭിക്കുന്നുമില്ല. ഇതോടെയാണു അഞ്ചുമാസം മുന്‍പ് നഗരസഭ ആദ്യം നോട്ടീസ് നൽകിയത്. കെഎസ്ആർടിസി അധികൃതർ സാവകാശം ചോദിച്ചതോടെ മാസങ്ങളോളം നഗരസഭ കാത്തിരുന്നു. എന്നിട്ടും ഫലമില്ലാതെ വന്നതോടെയാണു വീണ്ടും നോട്ടീസ് നല്കാൻ ഒരുങ്ങുന്നത്.
ഫണ്ടില്ലാത്തതിനാൽ കെഎസ്ആർടിസിയുടെ ഗാരേജ് നിർമാണം സ്തംഭിച്ചിരിക്കുകയാണ്. ഇതോടെ കോടിമതയിലെ നഗരസഭ സ്ഥലത്തുനിന്നു ബസുകൾ മാറ്റുന്നത് വൈകുമെന്നുറപ്പായിരിക്കുകയാണ്. ഇപ്പോൾ കോടിമതയിൽ എത്തുന്ന കണ്ടെയ്നർ ലോറികൾ റോഡരികിലാണ് പാർക്ക് ചെയ്യുന്നത്.