കായംകുളം: കെഎസ്്ആർടിസി ബസിലെ ജനറൽ സീറ്റിൽ ഒപ്പം യാത്രചെയ്ത ഭിന്നശേഷിക്കാരനായ യുവാവിനെതിരെ പരാതി നൽകി യുവാവിനെ കുടുക്കാനുള്ള പോലീസുകാരന്റെ ഭാര്യയുടെ നീക്കം പൊളിഞ്ഞു. പരാതി വ്യാജമാണെന്ന് ബസിലെ യാത്രക്കാർ ഒന്നടങ്കം പ്രതികരിച്ചതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത ഹൈവേ പൊലീസ് വെട്ടിലായി .
യുവതിക്കെതിരെ ബസിലെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയതും യാത്രക്കാർ സംഭവം ഫേസ്ബുക്കിൽ ലൈവിലിടുകയും ചെയ്തതോടെ സംഭവം ഏറെ വിവാദമായി. യാത്രക്കാരുടെ പ്രതികരണം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പൊലീസിന് മൊഴി നൽകാതെ പരാതിക്കാരിയും മുങ്ങിയതോടെ യുവാവിനെ പിന്നീട് പോലീസ് വിട്ടയയ്ക്കുകയുയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
കുട്ടനാട് ചന്പക്കുളം വൈശ്യംഭാഗം രാമനാഥപുരത്ത് മനുപ്രസാദിനെതിരെയാണ് (33) കായംകുളം പൊലീസ് സ്റ്റേഷനിൽ കണ്ടല്ലൂർ സ്വദേശിനി പരാതി നൽകിയത്. വലതുകാലിന് ശേഷിക്കുറവുള്ള മനുപ്രസാദ് ഓച്ചിറ ചങ്ങൻകുളങ്ങരയിൽ നിന്നാണ് ബസിൽ കയറിയത്. വൈകല്യം ബാധിച്ച കാലുമായി അധികം നിൽക്കാൻ കഴിയാത്തതിനാൽ ബസിലെ ഒഴിഞ്ഞുകിടന്ന ജനറൽ സീറ്റിന്റെ ഒരു ഭാഗത്ത് ഇരുന്നു.
എന്നാൽ സീറ്റിന്റെ മറുവശത്ത് യാത്ര ചെയ്ത യുവതിയ്ക്ക് ഇതിഷ്ടമായില്ല. തുടർന്ന് ഇയാളോട് കയർത്ത് എഴുന്നേറ്റ് മാറിയ യുവതി പിന്നീട് ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ഇയാൾ കായംകുളം ബസ് സ്റ്റാൻഡിൽ എത്തി ബസ് തടഞ്ഞിടാൻ ശ്രമിച്ചെങ്കിലും യാത്രക്കാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ബസ് വിട്ടുപോയി. തുടർന്നാണ് ഇരുവരും കായംകുളം പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് ബസ് സ്റ്റാൻഡിൽ ബസ് തടഞ്ഞ് ഹൈവേ പൊലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ഇതേ തുടർന്ന് യാത്രക്കാർ ഒന്നടങ്കം, പരാതി നൽകിയ യുവതിക്കും പോലീസിനുമെതിരെ രംഗത്തെത്തി. യുവാവ് നിരപരാധിയാണെന്ന് യാത്രക്കാർ ഒന്നടങ്കം മൊഴിയും നൽകി.
തുടർന്ന് യാത്രക്കാർ ബസിൽ നടന്ന യഥാർഥ സംഭവം വീഡിയോ പ്രതികരണങ്ങളിലൂടെ സോഷ്യൽമീഡിയയിൽ നൽകി. ഇത് വൈറലായതോടെ പുലിവാല് പിടിച്ച അവസ്ഥയായി പോലീസിന്. ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വൈറലാവുകയും ചെയ്തു. യുവതിയോട് സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യവതി എത്തിയില്ല. ഇതോടെയാണ് യുവാവിനെ വിട്ടയച്ചത്.