അമ്പലപ്പുഴ: കെഎസ്ആർടിസി ബസിനുനേരെയുണ്ടായ കല്ലേറിൽ് ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്. കഐസ്ആർടിസി ഡ്രൈവർ കോഴിക്കോട് സ്വദേശി പ്രജി ചന്ദ്രൻ (33), യാത്രക്കാരനായ തിരുവനന്തപുരം തിരുമല, രാജ് നിവാസിൽ രാജുവിന്റെ മകൻ ലിജിത് (30) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നു പുലർച്ചെ രണ്ടോടെ ദേശീയപാതയിൽ അന്പലപ്പുഴ വളഞ്ഞവഴിഭാഗത്തായിരുന്നു സംഭവം. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസിന് ആരോ കല്ലെറിയുകയായിരുന്നു. ഗ്ലാസ് പൊട്ടി ചില്ലുകൊണ്ട് ഡ്രൈവർക്കും, കല്ല് മൂക്കിൽ കൊണ്ട് യാത്രക്കാരനും പരിക്കേൽക്കുകയായിരുന്നു. അന്പലപ്പുഴ പോലീസെത്തി ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ പോലീസ് കേസെടുത്തു.