തിരുവനന്തപുരം: ടിക്കറ്റേതര വരുമാന മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ സംവിധാനങ്ങളുമായി കെഎസ്ആർടിസി. കെഎസ്ആർടിസി ലോജിസ്റ്റിക് എന്ന പേരിൽ പാഴ്സൽ സർവ്വീസിനാണ് കോർപ്പറേഷൻ തുടക്കമിടുന്നത്.
റെയിൽവേയുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ലഭിക്കുന്നത് രാജ്യവ്യാപകമായുള്ള ചരക്ക് സേവനങ്ങളിൽ നിന്നാണ്. ഇതേ മാതൃകയാണ് കെഎസ്ആർടിസിയും പിന്തുടരുന്നത്.
ഡീസൽ, സ്പെയർ പാർട്സ് വിലവർദ്ധനവ് ഉണ്ടായതും കോവിഡ് ഭീഷണിയും വരുമാനം കുറച്ചതിനെത്തുടർന്നാണ് ടിക്കറ്റേതര വരുമാന മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കാനുള്ള ശ്രമം കെഎസ്ആർടിസി ആരംഭിച്ചത്.
കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന ഒരു വിഭാഗം ആരംഭിച്ചാണ് ചരക്ക് കടത്ത് സേവന മേഖലയിലേക്ക് കെഎസ്ആർടിസി പ്രവേശിക്കുന്നത്.
കൊവിഡ് 19-ന്റെ ഭാഗമായി സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതി ജീവനക്കിറ്റുകളുടെ വിതരണത്തിനായി സപ്ലൈകോയ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ടാണ് കെഎസ്ആർടിസി ലോജിസ്റ്റിക് ആരംഭം കുറിക്കുന്നത്.
പ്രതിമാസം 1,25,000 രൂപയ്ക്ക് 5 വാഹനങ്ങളാണ് സപ്ലൈകോ വാടകയ്ക്ക് എടുക്കുന്നത്. പരമാവധി 2500 കി.മീ. ദൂരത്തിനാണ് ഈ വാടക ഇതിൽ അധികരിക്കുന്ന ഓരോ കി.മീറ്ററിനും 50 രൂപയാണ് അധിക വാടക നിശ്ചയിച്ചിരിക്കുന്നത്.
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, വിവിധ യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യ പേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും ജിപിഎസ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇത്തരത്തിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു ഭാഗം നടത്തുന്ന വിധത്തിലേക്ക് കെഎസ്ആർടിസി ലോജിസ്റ്റിക് സംവിധാനം വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.