പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി ദീർഘദൂര സർവീസുകളുടെ സമയക്രമം ഇനി ഗൂഗിൾ മാപ്പിൽ അറിയാം. വളരെ എളുപ്പത്തിൽ ബസുകളുടെ വരവും പോക്കും തിരിച്ചറിയുന്നതിനുള്ള പ്രത്യേക സംവിധാനമാണ് ഗൂഗിൾ മാപ്പിൽ ഒരുക്കുന്നത്.
ഇതോടെ, ഡിപ്പോകളിൽ വിളിച്ച് സമയക്രമം അന്വേഷിക്കുന്ന പതിവ് രീതിക്ക് വിരാമമാകും. ആദ്യ ഘട്ടത്തിൽ തമ്പാനൂർ ഡിപ്പോയിലെ ദീർഘ ദൂരം കെഎസ്ആർടിസി ബസുകളാണ് ഗൂഗിൾ മാപ്പിൽ ഇടം പിടിക്കുക.
ഘട്ടം ഘട്ടമായി ഓരോ ഡിപ്പോയിലെയും കെഎസ്ആർടിസി സർവീസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതാണ്. ഗൂഗിൾ ട്രാൻസിസ്റ്റ് സംവിധാനം ഉപയോഗിച്ചാണ് യാത്രക്കാർക്ക് ഈ വിവരങ്ങൾ ലഭ്യമാക്കുന്നത്. ഇതിനോടകം 600ലധികം സൂപ്പർ ക്ലാസ് ബസുകളുടെ ഷെഡ്യൂൾ ഗൂഗിൾ ട്രാൻസിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, ബസുകളിൽ ജിപിഎസ് ഘടിപ്പിക്കുന്ന പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ്. ഇവ പ്രവർത്തനക്ഷമമാകുന്നതോടെ ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ എളുപ്പത്തിൽ പങ്കുവയ്ക്കാൻ കഴിയും. ഇവ ഉടൻ തന്നെ സജ്ജമാകുമെന്നാണ് അറിയുന്നത്.