പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ് ആർടിസിയിലെ ശമ്പള വിതരണം മുടങ്ങുന്നതിനെതിരെയും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ലംഘിക്കുന്നതിനെതിരെയും ജീവനക്കാരൻ ഗവർണർക്ക് പരാതി അയച്ചു. പരാതി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറണമെന്ന അപേക്ഷയോടെയാണ് പരാതി.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി വിതരണം ചെയ്യാത്തതിനെതിരെ ജീവനക്കാർ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കിയിരുന്നു.
ഈ പരാതിയിൽ ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും വാദം കേട്ട ശേഷം എല്ലാ മാസവും ആദ്യ ആഴ്ച തന്നെ ശമ്പള വിതരണം ചെയ്യണമെന്ന് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കമ്മീഷൻ ഉത്തരവിട്ടിരുന്നു.
എന്നാൽ കെ എസ് ആർടിസി മാനേജ്മെന്റ് ഇത് ലംഘിച്ചു. ഏപ്രിൽ മാസത്തിൽ വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾ ഉണ്ടായിരുന്നിട്ടു പോലും ഇതെല്ലാം കഴിഞ്ഞ് ഏപ്രിൽ 20 – നാണ് മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്തത്.
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പാലിക്കാൻ മാനേജ്മെന്റും ഗതാഗത വകുപ്പും തയാറാകാത്ത സാഹചര്യത്തിലാണ് ഈ ഉത്തരവ് കൃത്യമായിനടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്കിയിരിക്കുന്നത്.
കെഎസ്ആർടിസി ലാഭത്തിലാണെന്നും, കൃത്യമായി ശമ്പളം നല്കാൻ കഴിയുമെന്നും മാർച്ച് മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നതായും പരാതിക്കാരൻ ബോധ്യപെടുത്തുന്നു.
മാർച്ച് മാസത്തിലെ ടിക്കറ്റ് വരുമാനം 162 കോടി രൂപയാണെന്നും ആ മാസത്തെ ചിലവുകൾ 152 കോടി രൂപയാണെന്നും 10 കോടി രൂപ ലാഭമുണ്ടാക്കിയെന്നുമാണ് പരാതിക്കാരന്റെ വാദം.
ശമ്പളത്തിന് 82 കോടിയും ഡീസലിന് 60 കോടിയും സ്പെയർ പാർട്ട്സുകൾക്ക് 10 കോടിയുമാണ് മാർച്ച് മാസത്തെ ചിലവുകൾ. എല്ലാ മാസത്തെയും വരവ് ചിലവ് കണക്കുകൾ ഇതിന് സമാനമാണ്.
ടിക്കറ്റ് വരുമാനം മുഖേന മാത്രം 10 കോടി ലാഭമുണ്ടായിട്ടും ശമ്പളം മനപൂർവ്വം വൈകിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പാലക്കാട് ഡിപ്പോയിലെ റെയ്മണ്ട് ആന്റണി എന്ന ജീവനക്കാരന്റെ പരാതി.
കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം പരാതിക്കാരൻ പരാതിയിൽ സൂചിപ്പിച്ചിട്ടില്ല.