സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിലെ സർക്കാർ ജീവനക്കാർക്കുള്ള പ്രത്യേക കെഎസ്ആർടിസി ബസ് സർവീസുകളിൽ കോവിഡ് നിബന്ധനകൾ പാലിക്കാതെ യാത്ര.
പതിവുപോലെ ബസിൽ ആളുകളെ കുത്തിനിറച്ചുകൊണ്ടുപോകുന്നപോലെയാണ് പലയിടത്തു നിന്നും ജീവനക്കാരെ ബസിൽ കയറ്റിയത്. യാതൊരു വിധത്തിലുള്ള സാമൂഹിക അകലവും പാലിക്കാതെയാണ് ബസുകളിൽ യാത്രക്കാരെ കയറ്റിയത്.
പലരും സീറ്റു കിട്ടാതെ നിൽക്കുന്ന സ്ഥിതിയായിരുന്നു. ബസിൽ നിന്നുള്ള യാത്ര അനുവദിക്കില്ലെന്ന നിബന്ധനയെല്ലാം കാറ്റിൽപറന്നു.
തൃശൂരിനുപുറമെ കൊടുങ്ങല്ലൂർ, ചാലക്കുടി, ഗുരുവായൂർ, മാള എന്നീ ഡിപ്പോകളിൽനിന്നും സർവീസുകൾ ഉണ്ടായിരുന്നു. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായാണ് സർവീസ് നടത്തിയത്.
മൂന്നുപേർക്കുള്ള സീറ്റിൽ രണ്ടുപേരും, രണ്ടുപേർക്കുള്ള സീറ്റിൽ ഒരാളും ഇരിക്കാനായിരുന്നു നിർദേശമെങ്കിലും അതും പലപ്പോഴും പാലിക്കപ്പെട്ടില്ല.കളക്ടറേറ്റിലേക്കും സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലേക്കും തൃശൂർ മെഡിക്കൽ കോളജിലേക്കും മറ്റുമുള്ള നിരവധി ജീവനക്കാർ ബസുകളിലുണ്ടായിരുന്നു.