പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്നും ഹരിപ്പാട്ടേക്കും പന്തളത്തേക്കുമുള്ള രാത്രികാല സർവീസുകൾ കെഎസ്ആർടിസി നിര്‍ത്തലാക്കി. പത്തനംതിട്ടയില്‍ നിന്നും രാത്രി 7.45നുള്ള ഹരിപ്പാടും എട്ടിനുള്ള പന്തളം സർവീസുകളുമാണ് വരുമാനക്കുറവാണെന്ന കാരണത്താല്‍ കെഎസ്ആര്‍ടിസി ഒറ്റയടിക്ക് നിര്‍ത്തലാക്കിയത്.
എംസി റോഡിലെ പ്രധാന നഗരമായ പന്തളത്തെയും ദേശീയപാതയിൽ ഹരിപ്പാടിനെയും പത്തനംതിട്ടയിൽ നിന്നു ബന്ധിപ്പിക്കുന്ന സർവീസുകൾ ലാഭകരമല്ലെന്നാണ് കെഎസ്ആർടിസിയുടെ കണ്ടെത്തൽ.ഇതോടെ ഈ ബസുകളെ ആശ്രയിച്ച് യാത്ര ചെയ്തിരുന്നവര്‍ അടൂരിലെത്തി പോകേണ്ട സ്ഥിതിയായി.
16 രൂപ മുടക്കി പന്തളത്തെത്തേണ്ട യാത്രക്കാരന് 18 രൂപ ടിക്കറ്റില്‍ അടൂരെത്തി അവിടെ നിന്നും16 രൂപ മുടക്കി പന്തളത്തെത്തേണ്ട അവസ്ഥയാണിപ്പോൾ. മാവേലിക്കരയിലേക്കും ഹരിപ്പാട്ടേക്കുമുള്ള യാത്രക്കാര്‍ അടൂരില്‍ നിന്നും കായംകുളത്തെത്തി പോകണം. മുമ്പും ഇതേപോലെ സര്‍വീസുകള്‍ നിര്‍ത്തിയപ്പോള്‍ യാത്രക്കാരുടെ ഭാഗത്തു നിന്നുമുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബസുകള്‍ പുനഃസ്ഥാപിച്ചത്.
പന്തളത്തുനിന്നും സര്‍വീസ് ആരംഭിക്കുന്ന ഹരിപ്പാട് – പത്തനംതിട്ട ബസ് പത്തനംതിട്ടയിലെത്തി തിരികെ പന്തളത്തെത്തിയായിരുന്നു സര്‍വീസ് അവസാനിപ്പിച്ചിരുന്നത്. രാത്രി എട്ടിനുള്ള ഈ സര്‍വീസ് കടകളിലും വര്‍ക്ക്ഷോപ്പുകളിലും ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. പത്തനംതിട്ട അബാന്‍ജംഗ്ഷന്‍, ഹെഡ്പോസ്റ്റ് ഓഫീസ് ജംഗ്ഷന് എന്നിവിടങ്ങളിലുള്ള സ്റ്റോപ്പുകളില്‍ സ്ത്രീകളുള്‍പ്പെടെയുള്ള നിരവധി യാത്രക്കാരാണ് ബസിനെയും കാത്ത് നിന്നിരുന്നത്.
പുതിയ തീരുമാനം സ്ത്രീകളെയും പ്രായമായവരെയുമാണ് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. രാത്രി 7.20 വരെയാണ് ഈ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസുള്ളത്. ഇപ്പോഴത്തെ സ്ഥിതിയില്‍ അതിന് ശേഷമെത്തുന്ന യാത്രക്കാരെല്ലാം അടൂരെത്തി പോകണം. സ്വകാര്യ ബസുകളുടെ കുത്തക തകര്‍ക്കാനാണ് പത്തനംതിട്ട – മാവേലിക്കര റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിച്ചത്. മാവേലിക്കര, പത്തനംതിട്ട ഡിപ്പോകളില്‍ നിന്നും രണ്ട് ബസുകളും പന്തളം, ഹരിപ്പാട് ഡിപ്പോകളില്‍ നിന്നും ഓരോ ബസുകളുമാണ് ഈ സർവീസിനായി നിയോഗിച്ചത്.
പകല്‍ സമയങ്ങളില്‍ സ്വകാര്യ ബസുകളോട് മത്സരിച്ചോടുന്ന കെഎസ്ആര്‍ടിസി രാത്രിയാത്രക്കാര്‍ക്കും ഏറെ ആശ്വാസകരമായിരുന്നു. മികച്ച വരുമാനവും ഈ സര്‍വീസില്‍ നിന്നും ലഭിച്ചിരുന്നതാണ്. എന്നാലിപ്പോള്‍ രാത്രി സര്‍വീസ് അവസാനിപ്പിച്ചതോടെ സ്വകാര്യ ബസുകളുടെ ലാഭക്കൊതി മാത്രമായി കെഎസ്ആര്‍ടിസിയുടെയും ലക്ഷ്യം.