നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയ്ക്കു മുകളില്‍ വെള്ളിടിയായി രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക്.
സര്‍വീസുകള്‍ മുടങ്ങിയതോടെ കോര്‍പറേഷന്റെ വരുമാന നഷ്ടം ഏകദേശം 6 കോടി രൂപയാണ്. കോര്‍പറേഷന്റെ ദൈനംദിന ടിക്കറ്റ് കലക്ഷന്‍ 5-6 കോടി രൂപയാണ്.
ഇന്ധനത്തിനുള്ള ഒരു ദിവസത്തെ ചെലവ് മൂന്നു കോടി. ഇങ്ങനെ കണക്കുകൂട്ടിയാല്‍, രണ്ടു ദിവസങ്ങളിലായി 6 കോടിയോളം രൂപയുടെ വരുമാന നഷ്ടം സ്ഥാപനത്തിനുണ്ടായതായി അധികൃതര്‍ പറയുന്നു.
ടിക്കറ്റ് വരുമാനവും ഇന്ധന ചെലവും മാത്രം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ഇരുപതില്‍ താഴെ ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്തത്.
ചില സ്ഥലങ്ങളില്‍ സമരക്കാര്‍ ബസ് തടഞ്ഞതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങി. സര്‍വീസുകള്‍ നടത്തേണ്ടെന്ന നിലപാടാണ് യൂണിയനുകള്‍ സ്വീകരിച്ചത്.
പണിമുടക്കിനോട് എതിര്‍പ്പുള്ള യൂണിയനിലുള്ളവര്‍ ചിലയിടങ്ങളില്‍ ഡ്യൂട്ടിക്കെത്തിയെങ്കിലും ബഹുഭൂരിഭാഗവും സമരാനുകൂലികള്‍ ആയിരുന്നതിനാല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍നിന്ന് പുറത്തിറക്കാന്‍ അവര്‍ സമ്മതിച്ചില്ല.
സമരത്തിനു സര്‍ക്കാര്‍ അനുകൂലമായതിനാല്‍ കോര്പറേഷന് അധികൃതരും സര്‍വീസ് നടത്താന്‍ നടപടികള്‍ സ്വീകരിച്ചില്ല.
18,145 സ്ഥിരജീവനക്കാരും 612 താല്‍ക്കാലിക ജീവനക്കാരുമാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ഇന്നലെ 2,391 സ്ഥിരജീവനക്കാരും 134 താല്‍ക്കാലിക ജീവനക്കാരും ജോലിക്കെത്തി. ആകെ ജീവനക്കാരുടെ 13.46% വരുമിത്.
428 ജീവനക്കാര്‍ അവധിക്ക് അപേക്ഷ നല്കി. ആകെയുള്ള 3,966 ഷെഡ്യൂളില്‍ 52 ഷെഡ്യൂളുകള്‍ മാത്രമാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്. ആകെ ഷെഡ്യൂളിന്റെ 1.31%.
കോവിഡ് പടര്‍ന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലായ സ്ഥാപനം സര്‍ക്കാരിന്റെ ധനസഹായത്താലാണ് പിടിച്ചുനില്‍ക്കുന്നത്.
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും എടുത്ത വായ്പാ ഇനത്തില്‍ 3,472 കോടിരൂപയും, സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച വായ്പാ ഇനത്തില്‍ 8,328 കോടിരൂപയും സ്ഥാപനത്തിന്റെ ബാധ്യതയാണ്.
ഇതില്‍നിന്നും 2013-14 വരെയുള്ള കാലയളവിലെ 1,090 കോടിരൂപ സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസിയിലെ മൂലധന നിക്ഷേപമാക്കി മാറ്റുന്നതിനു തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് കണ്‍സോര്‍ഷ്യം വായ്പയുടെ തിരിച്ചടവിനായി 360 കോടിരൂപയും കെടിഡിഎഫ്സി ലോണ്‍ തിരിച്ചടവിനായി 46 കോടിരൂപയും സര്‍ക്കാര്‍ വായ്പയായി അനുവദിച്ചു.
ഓഡിറ്റ് പൂര്‍ത്തിയായ 2015-16 സാമ്പത്തിക വര്‍ഷംവരെ കെഎസ്ആര്‍ടിസിയുടെ കടബാധ്യത 6,048 കോടിരൂപയാണ്.
നിലവില്‍ നഷ്ടക്കണക്കുകള്‍ തുടരുന്നതിനാല്‍ കടം 10000 കോടി മറികടന്നിരിക്കാനാണ് സാധ്യത.