തളിപ്പറമ്പ്: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ച യാത്രക്കാരന് മാനഹാനിയും ധനനഷ്ടവും. കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസില്‍ പയ്യന്നൂരില്‍ നിന്ന് കയറിയ യാത്രക്കാരന് ചിറവക്കില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ ഡ്രൈവര്‍ തളിപ്പറമ്പ് ഹൈവേയിലെ ബസ് സ്റ്റോപ്പിലാണ് നിര്‍ത്തിയത്. പ്രകോപിതനായ യാത്രക്കാരന് ഡ്രൈവറുടെ സീറ്റിനടുത്തെത്തി കഴുത്തിന് പിടിച്ച് മര്‍ദിക്കുകയായിരുന്നു.
പ്രശ്നത്തിൽ ഇടപെട്ട യാത്രക്കാര്‍ മര്‍ദിച്ചയാളെ പിടിച്ചുവയ്ക്കുകയും ഒത്തുതീര്‍പ്പെന്ന നിലയില്‍ ഡ്രൈവറുടെ കാലുപിടിച്ച് മാപ്പുപറയിക്കുകയും ചെയ്തു. ഈ സമയം ആളുകള്‍ റോഡില്‍ തടിച്ചുകൂടിയതോടെ ഗതാഗതതടസമായി. തുടര്‍ന്ന് ട്രാഫിക് പോലീസ് സ്ഥലത്തെത്തി.
തന്നെ കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും മര്‍ദിച്ചതായി ഡ്രൈവറെ തല്ലിയ യാത്രക്കാരന് പോലീസിനോട് പരാതിപ്പെട്ടു. ഇതോടെ ബസ് സ്റ്റേഷനിലേക്കെടുക്കാന് പോലീസ് നിര്‍ദേശിച്ചു. ബസില്‍ നിന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു ബസില്‍ കയറ്റിവിട്ടു.
കണ്ണൂരിലെത്തി മാനന്തവാടിയിലേക്ക് പോകേണ്ട ബസിന്റെ ട്രിപ്പ് ഇതോടെ റദ്ദാക്കി. സംഭവം സ്റ്റേഷനിൽ എത്തിയതോടെ മര്‍ദനമേറ്റ ഡ്രൈവര്‍ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായി. കെഎസ്ആര്‍ടിസിയുടെ ഇന്‍സ്പെക്ടര്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഡ്യൂട്ടിയിലുള്ള ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ യാത്രക്കാരന് ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാന്ഡാവുമെന്ന സ്ഥിതി വന്നതോടെ ഇയാളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി അനുരഞ്ജന സംഭാഷണം നടത്തി. ഒടുവില്‍ ട്രിപ്പ് കാന്‍സല്‍ ചെയ്യേണ്ടിവന്നതിന് നഷ്ടപരിഹാരമായി 10,000 രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കിയാണ് ഡ്രൈവറെ മര്‍ദിച്ച ബക്കളം സ്വദേശിയായ യാത്രക്കാരന് തടി രക്ഷപ്പെടുത്തിയത്.