പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കോവിഡ് കാലയാത്ര നിയന്ത്രണങ്ങളെ തുടർന്ന് കെ എസ് ആർ ടി സി നടപ്പാക്കിയിരുന്ന ടിക്കറ്റ് ചാർജ്ജ് ഇളവ് പിൻവലിക്കുന്നു.
ഒക്ടോബർ ഒന്നുമുതൽ പഴയ ചാർജ് നിലവിൽ വരും. കോവിഡ് കാലത്ത് യാത്രക്കാരെ ആകർഷിക്കുന്നതിനും യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ചൊവ്വാ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സൂപ്പർഫാസ്റ്റ് മുതൽ മുകളിലുള്ള എല്ലാ സർവീസുകൾക്കും 25 ശതമാനം നിരക്ക് ഇളവ് അനുവദിച്ചിരുന്നു.
കോവിഡ്നിയന്ത്രണങ്ങൾ കൂടുതൽ ലഘുകരിച്ചിട്ടുള്ളതും, യാത്ര ഇളവുകൾ അനുവദിച്ചിട്ടുള്ളതുമായ സാഹചര്യത്തിൽ കേരളത്തിനുളളിൽ സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡിലക്സ് എന്നിവയിലാണ് പഴയ നിരക്ക് ഏർപ്പെടുത്തുന്നത്.
എന്നാൽ ജൻറം ,എ സി ബസ്സുകൾ, കേരളത്തിനകത്തും പുറത്തും സർവീസ് നടത്തുന്ന എ സി ബസ്സുകൾ തുടങ്ങിയവയ്ക്ക് യാത്ര നിരക്ക് ഇളവ് നിലനില്ക്കും.
ഈ ബസ്സുകളിൽ യാത്രക്കാർ കുറവാണെന്ന കാരണത്താലാണ് യാത്ര ചാർജ്ജ് നിരക്ക് ഇളവ് തുടരുന്നതെന്ന് സിഎംഡിയുടെ ഓഫീസ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.