കൊച്ചി: കെഎസ്ആർടിസിക്ക് ആവശ്യമെങ്കിൽ എംപാനലുകാർക്ക് തുടരാമെന്ന് ഹൈക്കോടതി. മതിയായ ജീവനക്കാർ പിഎസ്സി വഴി വന്നില്ലെങ്കിൽ എംപാനലുകാരെ നിയോഗിക്കാം. നിയമം അനുവദിക്കുമെങ്കിൽ മാത്രം അങ്ങനെ തുടരാമെന്നും ജോലി നഷ്ടപ്പെട്ട എംപാനൽ ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി നിരീക്ഷിച്ചു. കേസിൽ കോടതി വെള്ളിയാഴ്ച വിധി പറയും.
പുതിയ നിയമനം വഴി എത്രപേർ ചേരുമെന്നാണ് കരുതുന്നതെന്ന കോടതിയുടെ ചോദ്യത്തിന് 800 മുതൽ 1000 ഉദ്യോഗാർഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. അവധിയിൽ പോയിരിക്കുന്ന ജീവനക്കാരെ തിരിച്ചു വിളിക്കാനും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കെഎസ്ആർടിസിയിലെ 3861 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പകരമായി പിഎസ്സി റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കണമെന്നും അതിനുള്ള നടപടികളെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.