കൊച്ചി: കെഎസ്ആര്‍ടിസി അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്നും മികച്ച നയതീരുമാനങ്ങളിലൂടെ സ്ഥാപനത്തെ നല്ല നിലയിലേക്ക് വളര്‍ത്തുകയാണ് വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും പത്തിനകം നല്‍കണമെന്ന ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് ആര്. ബാജിയടക്കമുള്ള ജീവനക്കാര്‍ നല്കിയ കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. ജീവനക്കാരുടെ ഒക്ടോബറിലെ ശമ്പളം വിതരണം ചെയ്തെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ പറഞ്ഞു.
എന്നാല്‍ പത്താം തീയതിക്കു മുമ്പ് ശമ്പളം നല്‍കണമെന്ന ഉത്തരവു പാലിക്കാത്തതിനാല്‍ കോടതിയലക്ഷ്യ നടപടി തുടരേണ്ടി വരുമെന്നു ഹൈക്കോടതി പറഞ്ഞു. അല്ലെങ്കില്‍ ഉത്തരവില്‍ ഇളവു തേടി ഹര്‍ജി നല്‍കണമെന്നും വാക്കാല്‍ പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.