തിരുവനന്തപുരം: സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടക്കാൻ മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സർക്കാരിന് കത്ത് നൽകി. കേരള മോട്ടോർവാഹന ചട്ടം 267(2) ആണ് സൂപ്പർക്ലാസ് ബസുക ളിൽ അനുവദിച്ചിട്ടുള്ള സീറ്റുകളെക്കാൾ കൂടുതൽ യാത്രക്കരെ കയറ്റുന്നത് വിലക്കുന്നത്.
ഹൈക്കോടതി വിധിക്കെതിരെ പുനപരിശോധനാ ഹർജി നൽകുമെന്ന് കെഎസ്ആർടിസി എംഡി എ. ഹേമചന്ദ്രനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും അറിയിച്ചു. ചട്ടം ഭേദഗതി ചെയ്യാനുള്ള അവകാശം സർക്കാരിനുണ്ട്. ഇതിന് കോടതിവിധി തടസമാകില്ലെന്നാണ് കെഎസ്ആർടിസിക്ക് ലഭിച്ച നിയമോപദേശം.
നിലവിലെ സാഹചര്യത്തിൽ കോടതി വിധി നടപ്പാക്കിയാൽ യാത്രക്കാർ വലയും. കൂടുതൽ ബസുകൾ നിരത്തിലിറക്കാനുള്ള സാവകാശമില്ല. അവധിക്കാലമായ തിനാൽ യാത്രക്കാരും കൂടുതലാണ്. ഇതിനു പുറമെ യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയാൽ കെഎസ്ആർടിസിയെ പ്രതികൂലമായി ബാധിക്കും.