തൃശൂർ: ആനകളുടേയും ആനക്കന്പക്കാരുടേയും പൂരങ്ങളുടേയും നാട്ടിൽ ആനവണ്ടിയിൽ കേരളം കണി കണ്ടുണരുന്ന നൻമ തൃശൂർക്കാർക്ക് ലഭ്യമായിത്തുടങ്ങി.
മിൽമ ഓണ്‍ വീൽസിന് മന്ത്രി ജെ. ചിഞ്ചുറാണി ഡബിൾ ബെൽ മുഴക്കിയതോടെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ നിറച്ച ആനവണ്ടി സ്റ്റാർട്ടായി.
തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെത്തുന്ന യാത്രക്കാരെ ലഘു ഭക്ഷണം നൽകി സ്വീകരിക്കാൻ ഇനി ഓണ്‍ വീൽസിൽ മിൽമയുണ്ടാകും.
ജില്ലയിൽ കെഎസ്ആർടിസിയും മിൽമയും കൈകോർക്കുന്ന മിൽമ ഓണ്‍ വീൽസിൽ ആദ്യ ദിവസം തന്നെ നല്ല തിരക്കായിരുന്നു.
ആകർഷകമായി സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ ഒരുക്കിയ മിൽമ സ്റ്റാളുകൾ ആണ് മിൽമ ഓണ്‍ വീൽസ് എന്ന വിപണന പദ്ധതി.
മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഇവിടെനിന്നും വാങ്ങാനാകും. നാലുപേർക്ക് ഇരുന്ന് ലഘുഭക്ഷണം കഴിക്കാനുള്ള സൗകര്യവും ബസിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ പഴയ ബസുകളാണ് ഇതിനായി രൂപമാറ്റം വരുത്തി ഉപയോഗപ്പെടുത്തുന്നത്. പദ്ധതിയിലൂടെ മാസ വാടക ഇനത്തിൽ ലഭിക്കുന്ന അധിക വരുമാനം കെഎസ്ആർടിസിക്ക് മുതൽക്കൂട്ടാകും.
പദ്ധതി വിജയമാകുന്നതനുസരിച്ച് മേഖലാ യൂണിറ്റിന് കീഴിലുള്ള എല്ലാ പ്രധാന കെഎസ്ആർടിസി സ്റ്റാൻഡുകളിലും പദ്ധതി നടപ്പാക്കുമെന്ന് ചെയർമാൻ ജോണ്‍ തെരുവത്ത് അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ എം.കെ. വർഗീസിൽ നിന്നും കൗണ്‍സിലർ വിനോദ് പൊള്ളഞ്ചേരി ഉത്പന്നം ഏറ്റുവാങ്ങി ആദ്യവില്പന നടത്തി.
കെഎസ്ആർടിസി സോണൽ ഡയറക്ടർ ഷറഫ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ക്ഷീര വികസന വകുപ്പിലെ അജയ് ഗോപിനാഥ് മിൽമ ഐസ്ക്രീം പാർലർ ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ എം.ടി. ജയൻ, അഡ്വ. ജോണി ജോസഫ്, മിൽമ ചെയർമാൻ ജോണ്‍ തെരുവാത്ത് എന്നിവർ സംസാരിച്ചു.