കാഞ്ഞിരപ്പളളി: യാത്രയ്ക്കിടയിൽ അപസ്മാരം ബാധിച്ച യാത്രക്കാരന് ചികിത്സയൊരുക്കാൻ ഒരു കിലോമീറ്ററിലധികം ദൂരം ബസ് തിരികെ ഓടിച്ചു കെഎസ്ആർടിസി ജീവനക്കാർ. ഇന്നലെ ഉച്ചയ്ക്ക് 12.20നായിരുന്നു സംഭവം.
പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ ബസിൽ പെരുമ്പാവൂരിൽനിന്നു കയറിയ മുൻ സൈനികനായ എരുമേലി തടത്തിൽവീട്ടിൽ സജിത്ത് കുമാറിന്റെ (54) ജീവൻ രക്ഷിക്കാനാണ് കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാർ തയാറായത്.
ബസ് കാഞ്ഞിരപ്പളളി – എരുമേലി റൂട്ടിൽ സഞ്ചരിക്കവേ കുളപ്പുറം എത്തിയപ്പോൾ സജിത്ത് കുമാർ അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും തുടർന്ന് ബസിൽ കുഴഞ്ഞുവീഴുകയുമായിരുന്നു.
തുടർന്ന് രോഗിക്ക് അടിയന്തര ചികിത്സയൊരുക്കാൻ ഒരു കിലോമീറ്റർ പിന്നിലുള്ള കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രിയിലെത്തിക്കാൻ കെഎസ്ആർടിസി ജീവനക്കാരായ കണ്ടക്ടർ ടി.കെ. ജയേഷും ഡ്രൈവർ ഷെബീർ അലിയും തീരുമാനിക്കുകയായിരുന്നു.
കാഞ്ഞിരപ്പളളി മേരിക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് അടിയന്തര ചികിത്സ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ലഭ്യമാക്കിയതായും സജിത്ത് കുമാർ സുഖംപ്രാപിച്ചു വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബന്ധുക്കളെ ഫോണിൽ വിവരമറിയിച്ചതിനു ശേഷം ബസ് യാത്ര തുടർന്നു.