കൽപ്പറ്റ: ഇതര സംസ്ഥാനങ്ങളിലെ ഹോട്ടൽ ഉടമകൾക്ക് യാത്രക്കാരെ ചൂഷണംചെയ്യാൻ കെഎസ്ആർടിസി ജീവനക്കാർ ഒത്താശ ചെയ്യുകയാണെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്ഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.കേരളത്തിൽനിന്നു ബാംഗളൂരു ഭാഗത്തേക്കും തിരിച്ചും യാത്രചെയ്യുന്നവരെ ഹോട്ടൽ ഉടമകൾക്കു ചൂഷണം ചെയ്യുന്നതിനാണ് ബസ് ഡ്രൈവർമാരും കണ്ടക്ടർമാരും സാഹചര്യം ഒരുക്കുന്നത്.
ഗുണ്ടിൽപേട്ടയിലെയും ഹുൻസൂരിലെയും പരിസരത്ത് മറ്റ് ഭക്ഷണശാലകളില്ലാത്ത ഹോട്ടലുകൾക്കു മുന്നിലാണ് യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനായി ബസുകൾ നിർത്തുന്നത്. രണ്ടു ഹോട്ടലുകളിലും ഭക്ഷണസാധനങ്ങൾക്ക് തീവിലയാണ് ഈടാക്കന്നത്. ഹുൻസൂരിലെ ഹോട്ടലിൽ പൊറാട്ടയ്ക്ക് ഇരുപതും മുട്ടക്കറിക്ക് എഴുപതും രൂപയാണ് വില.
ഹോട്ടൽ ഉടമകൾ കൊള്ളലാഭത്തിന്റെ പങ്ക് കെഎസ്ആർടിസി ജീവനക്കാർക്ക് നൽകുന്നുണ്ടോയെന്ന് സംശയിക്കണമെന്നും നേതാക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കും പരാതി അയച്ചിട്ടുണ്ട്.
ഗുണനിലവാരമുള്ള ആഹാരസാധനങ്ങൾ മിതമായ നിരക്കിൽ വിൽക്കുന്ന ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കാൻ യാത്രക്കാർക്ക് സൗകര്യം ഒരുക്കണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.ബി. പ്രേമാനന്ദൻ, ജില്ലാ സെക്രട്ടറി ഷാജു വന്ദന, ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് ഇ.കെ. അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.