ചാത്തന്നൂർ: കെഎസ്ആർടിസി മധ്യകേരളത്തിലെ അങ്കമാലി യൂണിറ്റിനെ സെൻട്രൽ ഹബ്ബാക്കി കൊണ്ട് ബൈപാസ് റൈഡറുകളുടെ സർവീസ് ആരംഭിക്കുന്നു. അങ്കമാലിയിൽ നിന്നും ഓരോ മണിക്കൂറിലും എംസി റോഡു വഴിയും ദേശീയപാത വഴിയും തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും ബൈപാസ് റൈഡറുകൾ ഓടും.
തിരുവനന്തപുരം പാപ്പനംകോട്ട് നിന്നും 18 ഉം കോഴിക്കോട്ടു നിന്നും 24 ഉം ലോ ഫ്ലോർ എസി ബസുകൾ ഇതിനായി അനുവദിച്ചിട്ടുണ്ട്. രണ്ട് സ്പെയർ ബസുകളും സർവീസ് തടസപ്പെടാതിരിക്കാനായി തയാറാക്കിയിട്ടുണ്ട്. കൂടാതെ രണ്ട് യാത്രാ സഹായികളെയും അങ്കമാലിയിൽ നിയോഗിച്ചിട്ടുണ്ട്.
കോഴിക്കോട്ടു നിന്നും ഓരോ മണിക്കൂർ ഇടവിട്ട് അങ്കമാലി വഴി തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്കും 24 ഷെഡ്യൂളുകൾ വീതമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഈ സർവീസുകൾ ഒരു കാരണവശാലും മുടങ്ങുകയോ തടസപ്പെടുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.
സർവീസ് ഓപ്പറേഷനും ബസുകളുടെ അറ്റകുറ്റപ്പണികളും സമയബന്ധിതമായി തന്നെ നടത്തണം. ബ്രേക്ക്ഡൗണുണ്ടായാൽ പകരം ബസ് എത്തിച്ച് യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കണം.
പ്രദീപ് ചാത്തന്നൂർ