എ.പി. അരുൺ
കൊച്ചി/കോട്ടയം: സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും രാത്രികാലങ്ങളിൽ യാത്രയ്ക്ക് ബസ് സർവീസ് ഇല്ലാതെ ആളുകൾ പെടാപ്പാട് പെടുന്പോൾ പൊതുഗതാഗത സംവിധാനമായ കെ എസ്ആർടിസി ചിലയിടങ്ങളിൽ സർവീസ് നടത്തുന്നത് തോന്നിയതുപോലെ. തിങ്കളാഴ്ച രാത്രി കൊച്ചി വൈറ്റിലയിൽനിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിൽ ആകെയുണ്ടായിരുന്നത് 10ൽ താഴെ ആളുകൾ മാത്രം. പുത്തൻകാവ് മുതൽ കോട്ടയം വരെ വാഹനത്തിൽ ഉണ്ടായിരുന്നത് കണ്ടക്ടറിനും ഡ്രൈവർക്കും പുറമേ ഒരേയൊരു യാത്രക്കാ രൻ.
ഈ ബസിനു തൊട്ടുപിന്നാലെ ഒരു കോട്ടയം ഫാസ്റ്റ് പാസഞ്ചറുമുണ്ടായിരുന്നു എന്നതാണ് മറ്റൊരു കാര്യം. ആ ബസിൽ അല്പംകൂടി പരിതാപകരമായിരുന്നു അവസ്ഥ. ഡ്രൈവറും കണ്ടക്ടറുമല്ലാതെ ഒരാൾപോലുമില്ലാതെയാണ് ഫാസ്റ്റ്പാസഞ്ചർ ബസ് കോട്ടയത്തേക്ക് സർവീസ് നടത്തിയത്.
ആദ്യത്തെ ബസ് രാത്രി 8.30ന് വൈറ്റിലയിൽ നിന്ന് പുറപ്പെടേണ്ടതാണ്. എന്നാൽ ആ ബസ് 9.25നാണ് പുറപ്പെട്ടതെന്നും യാത്രക്കാരൻ വ്യക്തമാക്കി. കാരണം ചോദിച്ചപ്പോൾ ജീവനക്കാർ പറഞ്ഞത് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മുതൽ വൈറ്റില വരെ ബ്ലോക്കായിരുന്നു എന്നാണെന്നും യാത്രക്കാരൻ സാക്ഷ്യപ്പെടുത്തുന്നു. മിക്ക ദിവസങ്ങളിലും യാത്രക്കാരില്ലാതെയാണ് ബസ് സർവീസ് നടത്തുന്നതെന്നും ജീവനക്കാർ യാത്രക്കാരനോട് പറഞ്ഞതായാണ് വിവരം.
സമയക്രമം പാലിക്കാതെ ബസ് സർവീസ് നടത്തുന്നതാണ് ഇത്തരത്തിൽ ആളില്ലാ സർവീസുകൾ ഉണ്ടാകാൻ കാരണമെന്ന് ആരോപണമുയരുന്നുണ്ട്. ആവശ്യത്തിന് ബസില്ലാതെയും ആകെയുള്ള വിരളമായ ബസുകളിലെ വൻ തിരക്ക് മൂലവും മിക്ക പ്രദേശങ്ങളിലും യാത്രക്കാർ ബുദ്ധിമുട്ടുന്പോഴാണ് സമയക്രമം തെറ്റിച്ച് സർവീസ് നടത്തി കെഎസ്ആർടിസി ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
ഇത്തരത്തിൽ സമയക്രമം തെറ്റിച്ച് യാത്ര നടത്തുന്ന ബസുകൾ കോർപ്പറേഷന് ഭീമമായ നഷ്ടമാണ് സമ്മാനിക്കുന്നത്.
ഡ്യൂട്ടി പരിഷ്കരണത്തിലെ എതിർപ്പ് മൂലമാണ് ഒരുകൂട്ടം ജീവനക്കാരുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെന്നും ആരോപണമുണ്ട്.