ചാത്തന്നൂർ: ബസുകളും സർവീസുകളും കുറഞ്ഞപ്പോൾ കെഎസ്ആർടിസിയ്ക്ക് വരുമാന വർധന.ഇപ്പോൾ പ്രതിദിനം 3,500 ഓളം ബസുകളാണ് സർവീസ് നടത്തുന്നത്. ദിവസേന ശരാശരി 14 ലക്ഷം കിലോമീറ്ററാണ് ബസ് ഓടുന്നത്.പ്രതിദിന ടിക്കറ്റ് വരുമാനം ശരാശരി ഏഴരക്കോടിയോളമാണ്. 24,000 ജീവനക്കാരാണ് നിലവിലുള്ളത്.
2015 – 16കാലഘട്ടം വരെ 36,000 ജീവനക്കാരുണ്ടായിരുന്നു. 6,500 ഓളം ബസുകളുണ്ടായിരുന്നതിൽ ആറായിരത്തോളം ബസുകൾ സർവീസ് നടത്തിയിരുന്നു. അന്നത്തെ പ്രതിദിന ടിക്കറ്റ് വരുമാനം ശരാശരി 4.5 കോടിയായിരുന്നു. ജീവനക്കാരുടെ എണ്ണവും ബസുകളുടെയും സർവീസുകളുടെയും എണ്ണവും കുറഞ്ഞപ്പോൾ വരുമാന വർധന എന്നതാണ് കെഎസ്ആർടിസിയുടെ അനുഭവം.
2016 ന് ശേഷം രണ്ട് തവണ ടിക്കറ്റ് വർധനവുണ്ടായി എന്നത് യാഥാർഥ്യമാണ്. എന്നാൽ ഇതിനിടയിൽ പല തവണ ഇന്ധന വിലവർധന ഉണ്ടാവുകയും അന്നത്തെ ഇന്ധന വിലയുടെ ഏകദേശം ഇരട്ടിയോളമാവുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ. ബസുകളും സർവീസുകളും കുറഞ്ഞപ്പോൾ കെഎസ്ആർടിസിയുടെ ഇന്ധനചിലവും ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു.
മാത്രമല്ല ഡീസൽ ഉപഭോഗം കുറയ്ക്കാൻ പരമാവധി പരിശ്രമം നടത്തുകയും ചെയ്യുന്നു. ഒരു ലിറ്റർ ഡീസലിന് നാലര കിലോമീറ്റർ ദൂരം ഓടുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. കെഎസ്ആർടിസിയുടെ പഴഞ്ചൻ ബസുകൾ പോലും ഈ ലക്ഷ്യത്തിലേക്ക് എത്തുകയാണ്.ഡീസൽ വിലവർധനവിനെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് വർധന നിസാരമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
പരമാവധി യാത്രക്കാരെ കയറ്റുക എന്ന നയം തന്നെയാണ് വരുമാന വർധനയുടെ പ്രധാന കാരണം. സ്ഥാപനം നിലനിന്നാലേ തൊഴിൽ നിലനിർത്താൻ കഴിയൂ എന്ന ജീവനക്കാരുടെ ബോധമാണ് ഈ വരുമാന വർധനയുടെ പിന്നിൽ. സ്വകാര്യ ബസ് സർവീസുകളോട് മത്സരിക്കാൻ കഴിയുന്ന ആഡംബര ദീർഘദൂര സർവീസുകളും വരുമാന വർധനയുടെ ഒരു പ്രധാന സ്രോതസാണ്.
കെഎസ്ആർടിസി പ്രതിദിനം 14 ലക്ഷം കിലോമീറ്റർ ഓടുന്നു എന്ന കണക്കിൽ വ്യത്യാസമുണ്ട്. കെ എസ് ആർടിസി കിലോമീറ്റർ നിരക്കിൽ വാടകയ്ക്ക് എടുത്തിട്ടുള്ള കെ-സ്വിഫ്റ്റ് എന്ന കമ്പിനിയുടെ ബസുകളാണ് 1.10 ലക്ഷം കിലോമീറ്റർ സർവീസ് നടത്തുന്നത്.
ഈ ദൂരം സർവീസ് നടത്തുന്നതിന് പ്രതിദിനം 12 ലക്ഷം രൂപയാണ് കെ എസ് ആർ ടിസി വാടകയായി നല്കുന്നത്. കെ എസ് ആർടിസിക്ക് മതിയായ ബസുകൾ അപര്യാപ്തമായതിനാലാണ് കെ-സ്വിഫ്റ്റ് ബസുകൾ വാടകയ്ക്ക് എടുക്കേണ്ടി വന്നത്.
പ്രദീപ് ചാത്തന്നൂർ