പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ:കെഎസ്ആർടിസി ജൂൺ മാസത്തിലും പ്രവർത്തന ലാഭത്തിലാണെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസത്തെ ടിക്കറ്റ് വരുമാനം മാത്രം 169 കോടിയോളം രൂപയാണ്.
ടിക്കറ്റിതര വരുമാനമായകെട്ടിടങ്ങളുടെ വാടക, പരസ്യ വരുമാനം, യാത്രാ ഫ്യൂവൽ പമ്പുകളിൽ നിന്നുള്ള ലാഭം മറ്റ് വരുമാനങ്ങൾ എന്നിവ ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല.
ജീവനക്കാരുടെ ശമ്പള ഇനത്തിൽ 82 കോടിയും ഡീസലിന് 80 കോടിയുമാണ് വേണ്ടത്. സ്പെയർ പാർട്ട്സുകൾക്ക് അഞ്ചു കോടി നീക്കി വച്ചാൽ പോലും ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം പ്രവർത്തന ലാഭം നിലനിർത്തിയിരിക്കയാണ് ജൂൺ മാസത്തിലും.
കെയുആർടി സി 48413002 രൂപയാണ് കഴിഞ്ഞ മാസം ടിക്കറ്റ് വരുമാനം ഉണ്ടാക്കിയത് . കെ എസ് ആർ ടി സി ബസുകൾ ഒരു കിലോമീറ്ററിൽ 46.62 രൂപ വീതം വരുമാനം നേടി.
സർവീസ് നടത്തിയ ഒരു ബസിന്റെ ദിവസേനയുള്ള ശരാശരി വരുമാനം 15738രൂപയാണ്. ലോഫ്ലോർ , ലോഫ്ലോർ എ /സി ബസുകൾ സർവീസ് നടത്തുന്ന കെയുആർടിസി എന്ന അനുബന്ധ സ്ഥാപനത്തിലെ ബസുകൾ നേടിയത് 48413002 രൂപയാണ്.
ഒരു കിലോമീറ്ററിന് ഈ ബസുകൾ 52.56 രൂപ വീതം വരുമാനമുണ്ടാക്കി. ഒരു ബസ് ദിനംപ്രതി ശരാശരി 18253 രൂപ വീതം നേടി കൊടുത്തു.
കോവിഡിന്റെ പേരിൽ യാർഡുകളിൽ ഒതുക്കിയിട്ട് തുരുമ്പെടുക്കാനും നശിക്കാനും വിട്ടുകൊടുത്ത ലോഫ്ലോർ ബസുകളാണ് അഭിമാനാർഹമായ വരുമാന നേട്ടമുണ്ടാക്കിയതെന്നതും ശ്രദ്ധേയമാണ്.
സ്വതന്ത്ര സ്ഥാപനമായ കെ – സ്വിഫ്റ്റിന്റെ വരുമാനം ഏറ്റവും പിന്നിലാണ്. ജൂൺ മാസത്തെ വരുമാനം 58480609 രൂപയാണ്. ഒരു കിലോമീറ്ററിന് ഈ ആഡംബര ബസുകൾ നേടിയത് 46.13 രൂപ മാത്രമാണ്.
കിലോമീറ്റർ വരുമാനത്തിൽ കെഎസ്ആർടിസിയ്ക്കും പിന്നിലാണ്. ഒരു ബസ് ദിനംപ്രതി നേടിയത് ശരാശരി 12689.50 രൂപ വീതമാണ്. കെ – സ്വിഫ്റ്റ് ബസുകൾ അപകടത്തിൽ പെടുന്നതും കൂടുതലാണ്.