ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാരിൽനിന്ന് ഇൻഷ്വറൻസ് പ്രീമിയം തുകയായി റിക്കവറി ചെയ്തത് 53 .38 കോടി രൂപ. ഇൻഷുറൻസ് കമ്പനിയിൽ അടച്ചത് 53843096 രൂപ മാത്രവും. 2022 ജനുവരി മുതൽ 2024 ഫെബ്രുവരി വരെയുള്ള കണക്കാണ് ഇത്. അവസാനമായി കെഎസ്ആർടിസി ഇൻഷുറൻസ് കമ്പനിയ്ക്ക് തുക കൈമാറിയത് 2024 മേയ് 10 നാണ്.
വിവരാവകാശനിയമ പ്രകാരം കണ്ടക്ടറായ വയനാട് സുൽത്താൻബത്തേരി മൈതാനിക്കുന്ന് സ്വദേശിയായ പി.എസ് അജിത് ലാലിന് ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. അപേക്ഷയിൽ ആവശ്യപ്പെട്ട കാലഘട്ടത്തിൽ ഓരോ മാസവും ജീവനക്കാരിൽ നിന്നും റിക്കവറി ചെയ്ത പ്രീമിയം തുകയുടെ കണക്കും നല്കിയിട്ടുണ്ട്.
കെഎസ്ആർടിസി ജീവനക്കാർക്ക് ഗ്രൂപ്പ് ഇൻഷ്വറൻസ് സ്കീം (ജിഐഎസ്) സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് (എസ്എൽ ഐ) എന്നീ രണ്ട് ഇൻഷ്വറൻസ് സ്കീമുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 500, 1000 രൂപ വീതം പ്രീമിയം തുകയുള്ള രണ്ട് സ്ലാബുകളുണ്ട്. ഈ രണ്ട് ഇൻഷ്യുറൻസ് സ്കീമുകളിലും രണ്ട് സ്ലാബുകളിലും ഇഷ്ടമുള്ളത് ജീവനക്കാർക്ക് തെരഞ്ഞെടുക്കാവുന്നതും പോളിസി എടുക്കാവുന്നതുമാണ്.
പ്രീമിയം ഇനത്തിൽ ഇത്രയേറെ തുക കുടിശ്ശിക വരുത്തിയതിൽ ജീവനക്കാർ ആശങ്കയിലാണ്.കഴിഞ്ഞ ഏപ്രിൽ-മേയ് കാലത്ത് പ്രീമിയം തുക അടച്ചിട്ടുണ്ടെന്നും കുടിശികയുള്ളതുക ഉടൻ തന്നെ അടയ്ക്കുമെന്നും കെഎസ്ആർടിസി ഫിനാൻഷ്യൽ കൺട്രോളറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ എം.ഷാജി പറഞ്ഞു.
ജീവനക്കാരുടെ നാഷണൽ പെൻഷൻ സ്കീമിലും (എൻപിഎസ്) തൊഴിലാളികളുടെയും സർക്കാരിന്റെയും വിഹിതമായി 400 കോടിയോളം രൂപ കുടിശിക ഉണ്ടെന്നും ജീവനക്കാർ പറയുന്നു. എൻപിഎസ് ഓഹരി വിപണിയുമായി ബന്ധപ്പെടുത്തിയതിനാൽ പണം അടയ്ക്കുന്നതിൽ വീഴ്ച ഉണ്ടായാൽ വിരമിക്കുന്ന ജീവനക്കാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും ജീവനക്കാർ പറയുന്നു.
പ്രദീപ് ചാത്തന്നൂർ