പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടി സി ജീവനക്കാരുടെ ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കാതിരുന്നതിനാൽ കഴിഞ്ഞ വർഷത്തെ ഇൻഷ്വറൻസ് റദ്ദായി.
കഴിഞ്ഞ വർഷം ഇൻഷുറൻസ് പ്രീമിയമായി മാനേജ്മെന്റ് ജീവനക്കാരിൽ നിന്നും ഈടാക്കിയ പ്രീമിയം തുക ജീവനക്കാർക്ക് നഷ്ടമായി.
2023 ജനുവരി മുതൽ പുതിയ പ്രീമിയം അടച്ച് ഇൻഷുറൻസ് പദ്ധതിയിൽ ചേരണമെന്ന് മാനേജ്മെന്റ് നേരത്ത അറിയിപ്പ് നല്കിയിരുന്നു.
കഴിഞ്ഞ വർഷം ലാപ്സായ ഇൻഷ്വറൻസിന്റെ പ്രീമിയംപലിശ സഹിതം കുടിശിക തുക അടച്ചാൽ മാത്രമേ ഇൻഷ്വറൻസ് പുനരുജ്ജീവിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് ഇൻഷ്വറൻസ് അധികൃതർ രേഖാമൂലം കെ എസ് ആർ ടി സിയെ അറിയിച്ചിട്ടുണ്ട്.
ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷ്വറൻസ്, സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് എന്നിവയുടെ പ്രീമിയമാണ് മുടങ്ങിയത്. പ്രതിമാസം ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനായി 700 രൂപ 500 രൂപ ക്രമത്തിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്നുണ്ട്.
മാനേജ്മെന്റ് ഈടാക്കുന്ന തുക സ്റ്റേറ്റ് ഇൻഷ്വറൻസ് ഓഫീസുകളിൽ കോർപ്പറേഷൻ അടയ്ക്കാറില്ലാത്തതിനാലാണ് ജീവനക്കാരുടെ പ്രീമിയം റദ്ദായത്.
45 വയസിൽ താഴെ പ്രായമുള്ളവരെയാണ് ജി ഐ എസ് , എസ് എൽ ഐ എന്നീ പദ്ധതികളിൽ അംഗങ്ങളാക്കിയിരുന്നത്.
ഇൻഷുറൻസ് പ്രീമിയം മാസങ്ങളായി മുടങ്ങിയിരിക്കുമ്പോൾ കഴിഞ്ഞ ഒക്ടോബറിൽ ഒരു മാസത്തെ പ്രീമിയം തുകയുടെ ചെക്കുകൾ കെ എസ് ആർ ടി സി സ്റ്റേറ്റ് ഇൻഷുറൻസ് വിഭാഗത്തിന് കൈമാറി.
എന്നാൽ ഈ ചെക്കുകൾ സ്വീകരിക്കാതെ തിരികെ കെ എസ് ആർ ടി സി യ്ക്ക് നല്കി. പ്രീമിയം തുക കുടിശികയായതിനാൽ ഇൻഷുറൻസ് ലാപ്സായി എന്ന വിവരവും ചെക്കുകൾ മടക്കി അയച്ചപ്പോൾ രേഖപ്പെടുത്തിയിരുന്നു.
പലിശ സഹിതം കുടിശിക അടച്ചാൽ മാത്രമേ ഇൻഷുറൻസ് പുനരുജ്ജീവിപ്പിക്കാൻ കഴിയുകയുള്ളുവെന്നും കത്തിൽ വ്യക്തമാക്കി.
2022 വർഷത്തിൽ ജീവനക്കാർ പ്രീമിയം തുക നല്കിയിട്ടും കെ എസ് ആർ ടി സി അത് അടയ്ക്കാതെ ജീവനക്കാരെയും ഇൻഷുറൻസ് സ്ഥാപനത്തെയും കബളിപ്പിക്കുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ ആരോപണം.