പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: എസ്ബിഐയുടെ സഹകരണത്തോടെ കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്താൻ മാനേജ്മെന്റ് .
ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അംഗീകൃത സംഘടന പ്രതിനിധികളുടെയും മാനേജ്മെന്റിന്റെയും എസ്ബിഐ പ്രതിനിധികളുടെയും സംയുക്ത യോഗം ചേരുന്നു.
9 – ന് ഉച്ചകഴിഞ്ഞ് 3.30 ന് ട്രാൻസ്പോർട്ട് ഭവനിൽ വച്ചാണ് സംയുക്ത യോഗം.നിലവിൽ ഉള്ള കെഎസ്ആർടിസി ജീവനക്കാരുടെ ഇൻഷ്വറൻസ് പരിരക്ഷയുടെ കാലാവധി ഏപ്രിൽ നാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത് പുതുക്കുന്നതിനുള്ള ശ്രമം.
കഴിഞ്ഞ വർഷം ജീവനക്കാരിൽ നിന്നും ഇൻഷുറൻസിന്റെ പ്രീമിയം തുക കോർപ്പറേഷൻ ശമ്പളത്തിൽ നിന്നും പിടിക്കുകയും പ്രീമിയം മുടക്കുകയും ചെയ്തിരുന്നു.
ഇടക്കാലത്ത് ഇതുമൂലം ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ നഷ്ടമാകുന്ന സാഹചര്യമുണ്ടായി. പിന്നീട് പലിശ സഹിതം പ്രീമിയം കുടിശിക അടയ്ക്കേണ്ടി വന്ന സംഭവവുമുണ്ടായി.
എസ്ബി ഐ ജനറൽ ഇൻഷ്വറൻസ്, കെഎസ്ആർടിസി ജീവനക്കാരുടെ ഇൻഷ്വറൻസ് പുതുക്കുന്നതിന് സന്നദ്ധത അറിയിച്ചു കൊണ്ട് മാനേജ്മെന്റിന് കത്ത് നല്കിയതിനെ തുടർന്നാണ് ഇൻഷുറൻസ് പരിരക്ഷ പുതുക്കുന്നതിന് നീക്കം ആരംഭിച്ചത്.