തിരുവനന്തപുരം:കെഎസ്ആര്‍ടിസിയ്ക്ക് ഇത് അഭിമാനനിമിഷം. കാല്‍നൂറ്റാണ്ടിനിടയില്‍ ആദ്യമായി സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് തന്നെ നല്‍കാനാണ് തീരുമാനം. 31270 സ്ഥിര ജീവനക്കാരും 3926 എംപാനല്‍ ജീവനക്കാരുമുള്ള കെഎസ്ആര്‍ടിസിക്ക് ഒരു മാസം പൂര്‍ണമായി ശമ്പളം നല്‍കാനായി വേണ്ടത് 90 കോടി രൂപയാണ്.
ശബരിമല സര്‍വ്വീസാണ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കിയെതെന്നാണ് വിലയിരുത്തല്‍. ഇത്തവണ നിലയ്ക്കല്‍ വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിച്ചിരുന്നുള്ളു. അവിടെ നിന്ന് തീര്‍ത്ഥാടകര്‍ പമ്പയിലെത്താന്‍ കെഎസ്ആര്‍ടിസിയെയാണ് ആശ്രയിച്ചത്. മണ്ഡല- മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസി റെക്കോര്‍ഡ് വരുമാനമാണ് സ്വന്തമാക്കിയത്. ഈ സീസണില്‍ 45.2 കോടി രൂപ വരുമാനമായി ലഭിച്ചു. പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി. എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിക്കാന്‍ കാരണമായി. മുമ്പ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിരുന്ന 20 മുതല്‍ 50 കോടിയുടെ ധനസഹായം ഉപയോഗിച്ചായിരുന്നു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. അതിന് മുമ്പ് ശമ്പളം നല്‍കിയിരുന്നതാവട്ടെ ബാങ്കുകളില്‍ നിന്ന് 50 കോടി രൂപയ്ക്ക് മുകളില്‍ തുക വായ്പയെടുത്തും. ഈ പതിവുകള്‍ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയ്ക്കും ആശ്വാസമേകുന്നതാണ് പുതിയ സാഹചര്യങ്ങള്‍.