പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്ന നടപടികൾക്ക് കെഎസ്ആർടിസിയിൽ തുടക്കമായി.
ദീർഘനേരം ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ ഏറ്റവും വലിയ പ്രശ്നമായിരുന്നു എഞ്ചിനിൽ നിന്നുള്ള അസഹ്യമായ ചൂട് ഇത് പരിഹരിക്കാൻ ബസിൽ ഡ്രൈവർ ഡോറിന് മുൻപിലായി അകത്തേക്ക് വായു പ്രവേശിക്കുന്ന വിധത്തിൽ എയർ വെന്റുകൾ ഘടിപ്പിക്കുന്നു.
ഡ്രൈവർമാരുടെ സീറ്റുകൾ പല ബസ്സുകളിലും സൗകര്യത്തിന് ക്രമീകരിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു.ഡ്രൈവർ സീറ്റ് ആവശ്യാനുസരണം ക്രമീകരിക്കാൻ ഉള്ള സൗകര്യം ഏർപ്പെടുത്തുന്ന പ്രവർത്തനവും നടന്നു വരുന്നു.
ഡ്യൂട്ടിക്കിടയിൽ ജീവനക്കാർക്ക് കുടിക്കുന്നതിനുള്ള വെള്ളം സൂക്ഷിക്കുന്നതിനുള്ള ബോട്ടിൽ ഹോൾഡറുകൾ എല്ലാ ബസ്സുകളിലും ഒരുക്കി തുടങ്ങിയിട്ടുണ്ട്.
ബസിനുള്ളിലെ സംവരണ സീറ്റുകൾ പലപ്പോഴും കണ്ടക്ടർമാരും യാത്രക്കാരുമായി തർക്കമുണ്ടാകുന്ന ഒരു പ്രശ്നമായിരുന്നു.
ഇത് പരിഹരിക്കുന്നതിനായി എല്ലാ സംവരണ സീറ്റുകളും ഏളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി ചുവപ്പ് നിറത്തിൽ കളർ കോഡിംഗ് നടത്തും.
ബസ്സിൽ പ്രവേശിക്കുന്ന യാത്രക്കാർക്ക് വളരെ വേഗം സംവരണ സീറ്റുകൾ തിരിച്ചറിയുന്നതിന് ഇതിലൂടെ സാധിക്കും.
ബസ് പുറകോട്ട് എടുക്കുമ്പോൾ അതിനിടയിൽപ്പെട്ട് യാത്രക്കാരും ജീവനക്കാരും മരണമടഞ്ഞ നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ബസ് പുറകോട്ടെടുക്കുന്ന സമയം ഇൻഡിക്കേറ്റർ ലൈറ്റ് തെളിയുന്നതിനൊപ്പം അലാറം കൂടി പ്രവർത്തിക്കുന്ന സംവിധാനവും ബസ്സുകളിൽ ഏർപ്പെടുത്തി വരുന്നു.
ഇത് നടപ്പിലാക്കുന്നതോടെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാത്ത ബ്ലാക് സ്പോട്ടുകളിൽ വരുന്നവർക്ക് പോലും കൃത്യമായ അറിയിപ്പ് നൽകാനും സാധിക്കും.
ഡസ്റ്റിനേഷൻ ബോർഡുകളിൽ രാത്രികാലങ്ങളിൽ വെളിച്ചത്തിനായി പഴയ മോഡൽ ട്യൂബ് ലൈറ്റുകൾ ആണ് ഉപയോഗിച്ചിരുന്നത്.
ഇതിലെ പ്രകാശം രാത്രികാലങ്ങളിൽ ഡെസ്റ്റിനേഷൻ ബോർഡുകൾ വായിക്കുന്നതിന് മതിയാകുന്നതല്ല എന്ന പരാതി യാത്രക്കാരിൽ നിന്ന് ഉയർന്നിരുന്നു.
ഇതിന് പരിഹാരമായി പ്രകാശം കൂടിയ എൽ.ഇ.ഡി ലൈറ്റ് സ്ട്രിപ്പുകൾ ഡെസ്റ്റിനേഷൻ ബോർ മുകളിൽ ഘടിപ്പിക്കുന്ന പ്രവർത്തനവും നടപ്പിലാക്കിയിട്ടുണ്ട്.
കെ എസ് ആർ ടി സിയിലെ എഞ്ചിനീയർമാർക്കെതിരെ സി എംഡി ബിജു പ്രഭാകരന്റെതായ ഒരു ശബ്ദ സന്ദേശം വൈറലായിരുന്നു.ഇതിന് ശേഷമാണ് ബസുകളിൽ അത്യാവശ്യം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ തുടങ്ങിയത്.