തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സ്യൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.
ഓക്സിജൻ എത്തിക്കുന്നതിന് ടാങ്കർ സർവീസ് നടത്താൻ കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം ഇന്നു മുതൽ ലഭ്യമാക്കും.
ഇതിനായി സന്നദ്ധത അറിയിച്ച ഡ്രൈവർമാരുടെ ആദ്യബാച്ചിലെ 35 പേർക്ക് പാലക്കാട് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും.
പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർമാരുടെ സേവനം രാത്രിയോടെ ഇനോക്സ് കമ്പനിയുടെ ഓക്സിജൻ ടാങ്കറിൽ ലഭ്യമാക്കും.
സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനായി പരമാവധി ഓക്സിജൻ സിലിണ്ടറുകൾ സംസ്ഥാനത്തെ മുഴുവൻ ആശുപത്രിയിൽ എത്തിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ ഒരുക്കിയ വാർ റൂമിൽ രാപ്പകൽ കേരളത്തിലുടനീളം ഡ്രൈവർമാരുടെ സേവനം ആവശ്യമുണ്ട്.
ചില സമയങ്ങളിൽ ഡ്രൈവർമാരുടെ കുറവ് കാരണം വാർ റൂമിൽനിന്നു കെഎസ്ആർടിസിയോട് സഹായം അഭ്യർഥിക്കുകയായിരുന്നു.
തുടർന്നാണു സിഎംഡി ടാങ്കർ ലോറികൾ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സർവീസ് നടത്താൻ താത്പര്യമുള്ള ഡ്രൈവർമാർ അറിയിക്കണമെന്നുള്ള സർക്കുലർ ഇറക്കിയത്.
450 പേരാണ് വിവിധ വിഭാഗങ്ങളിൽനിന്നു സന്നദ്ധ സേവനത്തിലായി താത്പര്യം അറിയിച്ചത്. അതിൽനിന്നുള്ള ആദ്യ ബാച്ചിലെ 35 ഡ്രൈവർമാർക്കാണ് ഇന്നു പരിശീലനം നൽകുന്നത്.
തുടർന്ന് നാളെ കൊച്ചിയിൽ നിന്നുള്ള 25 ഡ്രൈവർമാരെ പരിശീലനം നൽകി റിസർവായി വയ്ക്കും. ഇവരെ വീണ്ടും അത്യാവശ്യം വരുന്ന സാഹചര്യത്തിൽ ഉപയോഗിക്കും.
ഇതിനുപുറമെ വിവിധ ജില്ലകളിലെ കളക്ടർമാരുടെ ആവശ്യപ്രകാരം കെഎസ്ആർടിസിയിലെ ജീവനക്കാർ പല കളക്ടറേറ്റുകളിലും ഡ്രൈവർമാരായും, മറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സേവനം അനുഷ്ഠിച്ച് വരികയുമാണ്. കൂടുതൽ ജീവനക്കാർ സന്നദ്ധ സേവനത്തിനായി താൽപര്യമറിയിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.