കോട്ടയം: കെഎസ്ആർടിസി പരമാവധി ചെലവു ചുരുക്കി നിലനിൽപിനായി പൊരുതുകയാണ്. ഓർഡിനറി ബസുകൾക്ക് ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കൽ നിറുത്തി. ഉച്ചസമയത്തെ സർവീസുകൾ കുറച്ചതോടെ പരമാവധി രണ്ടു ദിവസത്തേക്കുള്ള ഡീസലേ അടിക്കുന്നുള്ളു. ഓടാതെ കിടക്കുന്ന ബസുകളുടെ ടാങ്കിൽ അവശേഷിച്ച ഡീസൽ പൂർണമായി തിരികെ ഊറ്റി ഓടിക്കൊണ്ടിരിക്കുന്ന ബസുകളിൽ ഒഴിക്കുകയാണ്.
ഓടാതെ കിടക്കുന്ന ബസുകളുടെ ടയർ അഴിച്ച് സർവീസ് നടത്തുന്ന ബസുകളിൽ ഇട്ടുകൊണ്ടിരിക്കുന്നു. വൈകാതെ സ്പെയർ പാർട്സുകളും ഇത്തരത്തിൽ അഴിച്ച് മറ്റു ബസുകളിൽ ഇടുമെന്നാണ് ടെക്നിക്കൽ വിഭാഗം പറയുന്നത്. ഫാസ്റ്റ് പാസഞ്ചർ ബസുകളിലും അതാത് ദിവസം ഓടാനുള്ള കിലോമീറ്റർ കണക്കാക്കിയാണ് ഇന്ധനം നിറച്ചുകൊണ്ടിരിക്കുന്നത്.
സ്വന്തമായി ഡീസൽ പന്പില്ലാത്ത എരുമേലി, പിറവം, തൊടുപുഴ, മൂലമറ്റം ഡിപ്പോകളിലെ ഏറെ ബസുകൾക്കും കോട്ടയം ഡിപ്പോയിൽനിന്നാണ് ഇന്ധനം നൽകുന്നത്. സർവീസിൽ കുറവു വരുത്തിയെങ്കിലും ആകെ വരുമാനത്തിൽ കുറവുണ്ടായിട്ടില്ല.
ശബരിമല സീസണ് എത്തുന്പോൾ കൂടുതൽ സർവീസുകൾ വെട്ടിക്കുറച്ച് സ്പെഷൽ സർവീസിനു മാറ്റും. ഇന്ധനച്ചെലവ് പരമാവധി കുറയ്ക്കുംവിധം ഡ്രൈവ് ചെയ്യാനും സമയക്ലിപ്തത പാലിക്കാനും ജീവനക്കാർ തീരുമാനിച്ചതും നേട്ടമായി. ഗതാഗതക്കുരുക്കിൽപ്പെട്ട് പലയിടങ്ങളിലും കിടന്നുപോകുന്ന സാഹചര്യത്തിൽ വലിയ തോതിൽ ഇന്ധനം കത്തിപ്പോകുന്നു എന്നതാണ് ഇപ്പോഴത്തെ നഷ്ടം.