അടൂര്‍: കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ വലിയ തോടിനു കുറുകെയുള്ള പഴയ പാലത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണ ജലവിതരണെ പൈപ്പ് പൊട്ടി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് പറക്കോട് ചിരക്കിക്കല് പമ്പ് ഹൗസില്‍ നിന്നും അടൂര്‍ നഗരസഭാ പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയത്.
ഇതേത്തുടര്‍ന്ന് ടൗണ്‍ റോഡില്‍ വാഹനയാത്രക്കാര്‍ക്ക് ഒരു മണിക്കൂറോളം ബുദ്ധിമുട്ട് ഉണ്ടായി.
വെള്ളം ചീറ്റി റോഡിലേക്കു വീണതൊടെ ഇതുവഴി വന്ന ഇരുചക്ര വാഹന യാത്രക്കാര്‍ വെള്ളത്തില്‍ കുളിച്ചു.
നിലവിലെ പാലത്തിന്റെ കൈവരിയോടു ചേര്‍ന്ന് അടുത്തയിടെ സ്ഥാപിച്ച പൈപ്പുകള്‍ തമ്മില്‍ കൂട്ടിയോജിപ്പിച്ച ഭാഗം ഇളകിമാറുകയായിരുന്നുവെന്ന് പറയുന്നു.
ഈ ഭാഗത്തുതന്നെ രണ്ടാം തവണയാണ് പൈപ്പ് പൊട്ടുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിനെ തുടര്‍ന്ന് പൈപ്പ് പാലത്തിന്റെ കൈവരിയോടു ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് കെട്ടും തകര്‍ന്നു.
ഇന്നലെ പൈപ്പ് പൊട്ടിയ ഭാഗത്തിന് എതിര് വശത്ത് ഒരാഴ്ച മുമ്പ് പൈപ്പ് പൊട്ടിയിരുന്നു. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നഗരസഭാ പ്രദേശത്തെ ജലവിതരണം മുടങ്ങി.