പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടി സി യിൽ ഉന്നത തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിടുകയും രാജി വച്ച് ഒഴിഞ്ഞു പോവുകയും ചെയ്തതിന് പിന്നാലെ ഉന്നത തസ്തികകളിൽ നിയമനം നടത്തുന്നു.
മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലാണ് ഇപ്പോൾ നിയമനം നടത്തുന്നത്. മാനേജർ (ഫിനാൻസ്) മാനേജർ ( ഐ ടി ) മാനേജർ (കോമേഴ്സ്യൽ ) മാനേജർ (എച്ച്ആർ) എന്നീ തസ്തികകളിലും, ഫിനാൻസ്, ഐടി, കോമേഴ്സ്യൽ, എച്ച്ആർ. എന്നീ വിഭാഗങ്ങളിൽ ഡപ്യൂട്ടി മാനേജർമാരെയുമാണ് നിയമിക്കുന്നത്.
ഓഗസ്റ്റ് 11-നകം യോഗ്യതയുള്ളവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.2018 ജൂലൈ മുതൽ കരാർ അടിസ്ഥാനത്തിൽ മാനേജരായി (ഫിനാൻസ് ആന്റ് അഡ്മിനിസ്ട്രേഷൻ) പ്രവർത്തിച്ചു കൊണ്ടിരുന്ന എസ്.ആനന്ദകുമാരിയുടെ സേവനം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു.
ഇവരെ പിരിച്ചുവിട്ടതിന് പകരമായി കെടിഡിഎഫ്സിയിലെ മാനേജർ (ഫിനാൻസ്) ബേസിൽ ടി.കെയെ മൂന്ന് മാസത്തേയ്ക്ക് അധിക ചുമതല നൽകി കെ എസ് ആർടിസിയിൽ മാനേജർ (ഫിനാൻസ്) ആയി നിയമിച്ചു.
ഡെപ്യൂട്ടി ജനറൽ മാനേജർ ആയി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന കിഴക്കേവീട്ടിൽ നിധീഷ് പദവി രാജിവച്ചു. നിധീഷിന്റെ രാജി കോർപ്പറേഷൻ അംഗീകരിച്ചിട്ടുണ്ട്.