പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വർക്ക് ഷോപ്പുകളിലെ പ്രവർത്തനം പഠിക്കുന്നതിനായി കെഎസ്ആർടിസിയുടെ ജംബോ സംഘം വീണ്ടും ചെന്നൈയിലേക്ക്. ഉന്നത ഉദ്യോഗസ്ഥരും അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളും ഉൾപ്പെടുന്നതാണ് സംഘം.
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഏറ്റവും പ്രധാന വർക്ക് ഷോപ്പുകളിലൊന്നാണ് ചെന്നൈയിലേത്. ഈ മാസം 16 മുതൽ 18 വരെയാണ് പഠനസന്ദർശനം. കഴിഞ്ഞ ഏപ്രിലിലും ഒരു സംഘം ചെന്നെയിലേയ്ക്ക് പോയി പഠനം നടത്തിയിരുന്നു.
മെക്കാനിക്കൽ എൻജിനീയറുടെ ചുമതല വഹിക്കുന്ന തിരുവനന്തപുരം സെൻട്രൽ വർക്ക് ഷോപ്പിലെ വർക്സ് മാനേജർ എം. ഐസക്ക് മാത്യുവിന്റെ നേതൃത്വത്തിലാണ് 44 അംഗ സംഘത്തിന്റെ സന്ദർശനം.
അഞ്ച് ഡിപ്പോ എൻജിനീയർമാർ , 21 അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർമാർ , 11 അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർമാർ , മൂന്ന് അംഗീകൃത തൊഴിലാളി സംഘടനകളുടെ പ്രതിനിധികളായ ആറു പേർ എന്നിവരാണ് സംഘത്തിലുള്ളത്.
കഴിഞ്ഞ ഏപ്രിലിലും കെഎസ്ആർടിസിയുടെ ഉന്നത ഉദ്യോഗസ്ഥരും അംഗീകൃത തൊഴിലാളി പ്രതിനിധികളും ഉൾപ്പെടുന്ന സംഘം തമിഴ്നാട്ടിലേയ്ക്ക് പഠനത്തിനു പോയിരുന്നു.
ഏപ്രിൽ 22 മുതൽ 29 വരെയായിരുന്നു തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ചെന്നൈ വർക്ക് ഷോപ്പിൽ പഠനം നടത്തിയത്. ഈ സംഘം മേയിൽ തമിഴ് നാട്ടിലെ വർക്ക് ഷോപ്പിന്റെ പ്രവർത്തനത്തെക്കുറിച്ച് റിപ്പോർട്ടും നല്കിയിരുന്നു.
എന്നാൽ ഈ റിപ്പോർട്ടിന്മേൽ യാതൊരു നടപടിയുമുണ്ടായില്ല. ഒരു റിപ്പോർട്ട് നിലവിലുള്ളപ്പോഴാണ് പഠന യാത്രയ്ക്കായി മറ്റൊരു ജംബോ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.