പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെ എസ് ആർ ടി സി കഴിഞ്ഞ ജൂൺ മാസത്തിലും പ്രവർത്തന ലാഭം നേടി. 28 കോടിയാണ് ലാഭം. മാസങ്ങളായി കെ എസ് ആർ ടി സി പ്രവർത്തന ലാഭത്തിലായിട്ടും ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം ഇതുവരെയും ലഭിച്ചിട്ടില്ല.
ശമ്പളം നല്കാൻ 50 കോടി സർക്കാർ അനുവദിക്കുമെന്നറിയിച്ചിട്ടും കഴിഞ്ഞ ദിവസം ധനവകുപ്പ് 30 കോടിയാണ് കെ എസ് ആർ ടി സി യ്ക്ക് അനുവദിച്ചത്.
ജൂൺ മാസത്തെ ടിക്കറ്റ് വരുമാനം 186 കോടിയാണ്. ടിക്കറ്റിതര വരുമാനം 10 കോടിയും ഉൾപ്പെടെ 196 കോടിയാണ് വരുമാനം.
ജീവനക്കാരുടെ ശമ്പളത്തിന് 82 കോടിയാണ് ആവശ്യം. കഴിഞ്ഞ മാസം 78 കോടി രൂപയാണ് ഡീസൽ വാങ്ങിയതിന് വേണ്ടി വന്നത്.
8 കോടി സ്പെയർ പാർട്ട്സിന് ചില വായതായും കണക്കുകളിലുണ്ട്. എന്നാലും ആകെ ചിലവ് 168 കോടിയാണ്. 28 കോടിയാണ് പ്രവർത്തന ലാഭം.
28 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളം നല്കാൻ നികുതി പണത്തിന്റെ ആവശ്യമില്ലെന്ന് ജീവനക്കാർ.
വരുമാനത്തിൽ നിന്ന് മാത്രം തുക ശമ്പളത്തിന് നീക്കി വച്ചാൽ മതിയാകുമെന്ന് അവർ പറയുന്നു. ജീവനക്കാർ കെ എസ് ആർ ടി സി യ്ക്ക് ഒരു കടവുമുണ്ടാക്കിയിട്ടില്ല.
കെ എസ് ആർ ടി സി യ്ക്ക് കടമുണ്ടെങ്കിൽ അത് സർക്കാർ വീട്ടണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സ്പെയർ പാർട്ട്സിന് മാസം തോറും എട്ട് മുതൽ പത്ത് കോടി രൂപ വരെ ചിലവ് കാണിക്കുന്നതിലും ജീവനക്കാർ സംശയം പ്രകടിപ്പിച്ചു.