തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ കാക്കി യൂണിഫോം വീണ്ടും പുനഃസ്ഥാപിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു.
ജീവനക്കാർ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ച് യൂണിയനുകളുമായി ചർച്ച നടത്തിയ ശേഷമാണ് മാനേജ്മെന്റ് ഈ തീരുമാനം എടുത്തത്.
2023 ജനുവരി മുതൽ ഡ്രൈവർ, കണ്ടക്ടർ തസ്തികയിലുള്ള ജീവനക്കാർ കാക്കി നിറത്തിലുള്ള യൂണിഫോം ധരിക്കും.
മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോമും ഇൻസ്പെക്ടർ തസ്തികയിൽ ഉള്ളവർക്ക് വെള്ള ഷർട്ടും ചാര പാന്റ്സും എന്ന യൂണിഫോമും ഏർപ്പെടുത്താനാണ് നീക്കം.
2015-ലാണ് കാക്കി നിറം ഉപേക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ ആകാശനീല കുപ്പായത്തിലേക്ക് ചേക്കേറിയത്. ജീവനക്കാർക്ക് കൂടുതൽ പ്രഫഷനലിസം ഉറപ്പാക്കാനാണ് അന്നത്തെ മാനേജ്മെന്റ് ഈ തീരുമാനം നടപ്പിലാക്കിയത്.