പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസിയിലെ കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരുടെ യൂണിഫോം നീല കളറിൽ നിന്നും കാക്കിയിലേക്ക് മാറുന്നു.
അഞ്ചു വർഷം മുമ്പാണ് കാക്കി യൂണിഫോം പരിഷ്കരിച്ച് നീല ഷർട്ടും കടുംനീല പാന്റ്സും ആക്കിയത്. ഇനി ഷർട്ടും പാന്റ്സും കാക്കിയായിരിക്കും. കെ എസ് ആർ ടി സി തുണി മൊത്തത്തിൽ വാങ്ങി തുന്നി കൊടുക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ എട്ടു വർഷമായി യൂണിഫോമോ , യൂണിഫോം അലവൻസോ കെ എസ് ആർ ടി സി ജീവനക്കാർക്ക് നല്‍കിയിട്ടില്ലെന്ന് ജീവനക്കാർ ആരോപിച്ചു. മാനേജ്മെന്റും അംഗീകൃത സംഘടന പ്രതിനിധികളുമായുള്ള ചർച്ചകളിൽ നിരന്തരം ഉയരുന്ന ആവശ്യമായിരുന്നു യൂണിഫോം അലവൻസ്.
യൂണിഫോം വിഷയത്തിൽ ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് (എഫ് എഫ് ജെ)ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതാണ് യൂണിഫോം അനുവദിക്കാൻ മാനേജ്മെന്റിനെ പ്രേരിപ്പിച്ചിട്ടുള്ളതെന്ന് കരുതുന്നു.
കാക്കി ഷർട്ടും പാന്റ്സുമാണ് ഓപ്പറേറ്റിംഗ് വിഭാഗമായ ഡ്രൈവർ, കണ്ടക്ടർ ജീവനക്കാർക്ക്. ഷർട്ടിന്റെ ഇടതു വശം കെ എസ് ആർ ടി സി യുടെ എംബ്ലം പതിക്കും. സാമ്പിൾ യൂണിഫോം വിതരണം ചെയ്തു.
ഇതോടെ പരാതികളും ഉയർന്നിട്ടുണ്ട്. സാമ്പിൾ കാണിച്ച ക്വാളിറ്റിയുള്ള തുണി അല്ല വിതരണം ചെയ്തിരിക്കുന്നതെന്ന് റ്റി ഡി എഫ് ആരോപണമുയർത്തി.
നിലവിലെ തുണിയിലുള്ള കാക്കി യൂണിഫോം രണ്ടാഴ്ച ധരിച്ച് നോക്കിയ ശേഷം തുണിയെ സംബന്ധിച്ച് പുനപരിശോധന നടത്താമെന്നാണ് മാനേജ്മെന്റ് നിലപാട്.
മുൻ വർഷങ്ങളിൽ രണ്ട് ജോഡി യൂണിഫോമിനുള്ള തുക യൂണിഫോം അലവൻസായി ജീവനക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു.
എന്നാൽ ഇപ്പോൾ കമ്പിനിയുമായി നേരിട്ട് തുണി മൊത്തത്തിൽ വാങ്ങാനാണ് മാനേജ്മെന്റ് തീരുമാനം. മാത്രമല്ല തയ്ച്ചും കൊടുക്കുമെന്നാണ് അറിയിപ്പ്.