ബസ് നിർത്തി പോലീസിന്റെയും എക്സൈസിന്റെയും പരിശോധനകോട്ടയം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ കഞ്ചാവ് പൊതി കണ്ടെത്തി. കോട്ടയം- കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഇന്നു രാവിലെ ഒന്പതോടെ മുണ്ടക്കയം കഴിഞ്ഞപ്പോഴാണു കഞ്ചാവ് പൊതി കണ്ടെത്തിയത്.
ആരുടെ പക്കൽ നിന്നുമാണു കഞ്ചാവ് പൊതി വീണു പോയതെന്നു കണ്ടെത്താൻ പോലീസ് പരിശോധന ആരംഭിച്ചു.
കോട്ടയത്തിനു പോന്നിരുന്ന ബസ് കൊടുങ്ങൂരിനു സമീപം പതിനെട്ടാം മൈലിൽ നിർത്തിയിട്ടാണു പോലീസ് യാത്രക്കാരെ പരിശോധിച്ചത്. യാത്രക്കാരുടെ പക്കലുള്ള സാധനങ്ങളും ഐഡി കാർഡും പോലീസ് പരിശോധിച്ചു.
കാഞ്ഞിരപ്പള്ളി പോലീസാണു പരിശോധന നടത്തിയത്. കോട്ടയത്തിനു പോയ ബസിൽനിന്ന് കഞ്ചാവ് പൊതി കണ്ടെത്തിയതായി കാഞ്ഞിരപ്പള്ളി പോലീസിനു അജ്ഞാത ഫോണ് സന്ദേശം ലഭിച്ചതിനെതുടർന്നാണു പോലീസ് പരിശോധന നടത്തിയത്.
ബസിൽ യാത്ര ചെയ്തിരുന്നവരുടെയെല്ലാം ആഡ്രസ് രേഖപ്പെടുത്തിയശേഷം ഒന്പതേമുക്കാലോടെയാണു ബസ് പതിനെട്ടാം മൈലിൽ നിന്നും പുറപ്പെട്ടത്. കഞ്ചാവ് പൊതി കണ്ടെത്തിയതുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം നടത്തുമെന്നു കാഞ്ഞിരപ്പള്ളി പോലീസ് പറഞ്ഞു.
ബസ് പാന്പാടി സ്റ്റാൻഡിൽ എത്തിയപ്പോൾ എക്സൈസ് അധികൃതരും എത്തി ബസും യാത്രക്കാരെയും പരിശോധിച്ചു. ഇതോടെ ക്ഷുഭിതരായ യാത്രക്കാർ ബഹളംവച്ചു. ബസ് രണ്ടു സ്ഥലങ്ങളിൽ പിടിച്ചിട്ടു പരിശോധിച്ചതോടെ കൃത്യസമയത്ത് ഓഫീസിൽ എത്തേണ്ട നിരവധി യാത്രക്കാരുടെ സമയം നഷ്ടപ്പെട്ടുവെന്നു പറഞ്ഞാണു യാത്രക്കാർ ബഹളമുണ്ടാക്കിയത്.