കണ്ണൂർ: കെസ്ആർടിസി പയ്യന്നൂർ ഡിപ്പോയിലെ ബസ് കണ്ടക്ടർ സി. രാജ്മോഹനന്റെയും ഡ്രൈവർ എം. അജയകുമാറിന്റെയും അവസരോചിതമായ ഇടപെടലിൽ ഹൃദയാഘാതത്തിലേക്ക് നീങ്ങുകയായിരുന്ന യാത്രികന് പുനർജൻമം.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.
കാഞ്ഞങ്ങാട് നിന്നും പയ്യന്നൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ആർആർസി 840 ലിമിറ്റഡ് സ്റ്റോപ്പ് ബസ് നീലേശ്വരം കഴിഞ്ഞതോടെ കാലിക്കടവ് സ്വദേശിയായ യാത്രികൻ നെഞ്ചു വേദനയെ തുടർന്ന് അവശനായി. ബസിലുണ്ടായിരുന്ന മറ്റ് ചില യാത്രികർ ഇദ്ദേഹത്തിന്റെ പൾസ് നില പരിശോധിച്ചപ്പോൾ പൾസ് റേറ്റ് വളരെ കുറവാണെന്ന് കണ്ടെത്തി.
ഇതോടെ എത്രയും വേഗം ബസിൽ തന്നെ അവശനായ യാത്രികനെ ആശുപത്രിയിലേക്കെത്തിക്കാൻ തീരുമാനിച്ചു.ബസ് യാത്രികരും എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ആശുപത്രിയിലേക്ക് ബസ് വിടുന്നതിനു മുന്പ് പുറത്തേക്ക് നോക്കിയ കണ്ടകർ രാജ്മോഹൻ കണ്ടത് ഒരു പോലീസ് ജീപ്പ് വരുന്നതാണ്.
ഉടൻ തന്നെ പോലീസ് ജീപ്പ് കൈകാണിച്ച് നിർത്തി എസ്ഐയോട് വിവരം പറഞ്ഞു. ആശുപത്രിയിലേക്കുള്ള മാർഗമധ്യേ ബ്ലോക്കുകൾ ഒഴിവാക്കാൻ ബസിനു മുന്നിൽ പൈലറ്റ് വാഹനം പോലെ വന്ന് സഹായിക്കാമോ എന്നായിരുന്നു ചോദ്യം. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ പോലീസ് തങ്ങളുടെ യാത്ര റദ്ദാക്കി ബസിന് പൈലറ്റ് വാഹനമായി.
ലൈറ്റിട്ട് കൊണ്ടു കുതിക്കുന്ന പോലീസ് വാഹനത്തിനു പിന്നാലെ തൊട്ടു തൊട്ടില്ലെന്ന രീതിയിൽ അജയകുമാർ ബസിനെയും പറപ്പിച്ചു.പള്ളിക്കര എത്തിയപ്പോൾ എല്ലാവരും സ്തബ്ധരായി.
റെയിൽവേ ഗേറ്റ് അടച്ചിരിക്കുന്നു. വാഹനങ്ങളുടെ നീണ്ട നീരയും. എന്നാൽ മുന്നിൽ കുതിച്ച പോലീസ് വാഹനം മറ്റ് വാഹനങ്ങളുടെ നീണ്ട നിരയെ മറികടന്നും വാഹനങ്ങളോട് ഒതുക്കിയിടാൻ നിർദേശിച്ചും മുന്നോട്ടു കുതിച്ചു,തൊട്ടു പിന്നാലെ ബസും.
ഗേറ്റിനടുത്ത് നിർത്തി മറുവശത്തുള്ള വാഹന ഡ്രൈവർമാരോട് കൂടി പോലീസ് കാര്യങ്ങൾ പറഞ്ഞതോടെ മറുവശത്തുള്ളവരും വാഹനങ്ങൾ പരമാവധി ഒതുക്കിയും പിന്നിൽ നിന്നും കടുന്നുവരുന്ന വാഹനങ്ങളെ നിയന്ത്രിച്ചും രോഗിയുമായി പേകേണ്ട ബസിന് വഴിയൊരുക്കി.
ട്രെയിൻ പോയ ഉടൻ പോലീസ് വാഹനവും കെഎസ്ആർടിസിയും മുന്നോട്ട് കുതിച്ചു. ചെറുവത്തൂരിലെ ആശുപത്രിയായിരുന്നു ലക്ഷ്യം. ലൈറ്റിട്ടുള്ള പോലീസ് വാഹനവും ഇതിനു പിന്നാലെ കെഎസ്ആർടിസി ബസും ആശുപത്രിയിലേക്ക് കുതിച്ചു വരുന്നത് കണ്ട് ആശുപത്രി ജീവനക്കാരും അന്ധാളിച്ചു.
പിന്നീട് കാര്യങ്ങളെല്ലാം അതിവേഗത്തിലായിരുന്നു. രോഗി തീരെ അവശനായിരുന്നുവെങ്കിലും തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് ഡോക്ടർമാർ പറഞ്ഞു. അവസരോചിതമായ ഇടപെടലിനെ തുടർന്ന് ഒരു യാത്രികനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച രാജ്മോഹനനെയും അജയകുമാറിനെയും തേടി അഭിനന്ദങ്ങളുടെ തീരാ പ്രവാഹമാണ്.