സിജോ പൈനാടത്ത്
കൊച്ചി: കോവിഡ് കാലത്തു കെഎസ്ആര്‍ടിസി ബസുകള്‍ വന്‍തോതില്‍ കട്ടപ്പുറത്തേക്ക്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നുള്ള 2,732 ബസുകളാണു ടയറുകളും ബാറ്ററിയും നീക്കി ഒതുക്കിയിടാന്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ഉള്‍പ്പെടെ കട്ടപ്പുറത്തേക്കു കയറ്റുന്നതിനുള്ള പട്ടികയിലുണ്ട്.
സര്‍വീസിനു യോഗ്യമല്ലാത്തതും അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളതുമായ ബസുകളാണു പാര്‍ക്കിംഗ് സൗകര്യമുള്ള ഡിപ്പോകളിലേക്കു നീക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവിട്ടത്. 2,491 ദീര്‍ഘദൂര, ഓര്‍ഡിനറി ബസുകളാണ് ഇതോടെ സര്‍വീസ് നിര്‍ത്തി കട്ടപ്പുറത്താവുക. 241 ജൻറം ബസുകളും ‘പണിനിര്‍ത്തി സൈഡാകും’. 2013 ല്‍ ഓടിത്തുടങ്ങിയ ജൻറം ലോ ഫ്ളോര്‍ ബസും 2012 ല്‍ സര്‍വീസ് തുടങ്ങിയ 11 ലോ ഫ്ളോര്‍ ബസുകളും ഇതിൽപ്പെടുന്നു.
അതേസമയം പത്തു വര്‍ഷം വരെ മാത്രം സര്‍വീസ് നടത്തിയതും കോവിഡ് കാലത്തും ഓടിക്കൊണ്ടിരുന്നതുമായ ബസുകളും പാര്‍ക്കിംഗിലേക്കു നീക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടതു ദുരൂഹമാണെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്രയധികം ബസുകള്‍ ഒരുമിച്ചു കട്ടപ്പുറത്തായാല്‍ തൊഴിലില്ലാതാവുന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും എന്തു ചെയ്യുമെന്നതു സംബന്ധിച്ചു വ്യക്തതയില്ലാത്തതാണ് ഇവരെ ആശങ്കയിലാക്കുന്നത്.
നിലവിലുള്ള ടയറുകള്‍ അഴിച്ചെടുത്തു സ്ക്രാപ്പ് ടയറുകള്‍ ഘടിപ്പിച്ചാണു ബസുകള്‍ പാര്‍ക്കിംഗില്‍ ഇടേണ്ടത്. ഡീസല്‍ ടാങ്ക് കാലിയാക്കി ബാറ്ററിയും നീക്കം ചെയ്യണം.എറണാകുളം ഡിപ്പോയില്‍ 150 ബസുകളാണ് പാര്‍ക്കു ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ആലുവയിലെ റീജണല്‍ വര്‍ക്ക്ഷോപ്പില്‍ ഇപ്പോള്‍തന്നെ കട്ടപ്പുറത്തുള്ള ബസുകളുടെ ബാഹുല്യമാണ്. ഈ സാഹചര്യത്തിലാണു സര്‍വീസ് നിര്‍ത്തിയ ബസുകളുടെ പാര്‍ക്കിംഗ് എറണാകുളത്തേക്കു മാറ്റുന്നത്. എടപ്പാളിലെ വര്‍ക്ക്ഷോപ്പിലേക്കു 300 ബസുകള്‍ എത്തിക്കും. പാറശാലയിലേക്കു 400 ഉം പാലക്കാട്ടേക്കു 140 ഉം ബസുകള്‍ കൊണ്ടുവരും.
ബന്ധപ്പട്ട വര്‍ക്സ് മാനേജര്‍മാര്‍ക്കാണു ബസുകള്‍ പാര്‍ക്കിംഗിലേക്കു നീക്കേണ്ട ചുമതല. അതതു ഡിപ്പോകളില്‍നിന്നു പാര്‍ക്കിംഗിലേക്കു ബസുകള്‍ അയയ്ക്കുമ്പോള്‍ ഇഷ്യൂ നോട്ട് തയറാക്കി, ലോഗ് ബുക്ക്, ടയര്‍ കാര്‍ഡ് എന്നീ രേഖകളും ഉണ്ടാകണമെന്നു നിര്‍ദേശമുണ്ട്.
കോവിഡിന്റെ മറവിലാണ് കെഎസ്ആര്‍ടിസി ഇത്രയധികം ബസുകളുടെ സര്‍വീസ് നിര്‍ത്താന്‍ തീരുമാനമെടുത്തതെന്നു തൊഴിലാളികളുടെ സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് സംസ്ഥാന നേതാവ് ഷാജി പെരുമ്പളം ആരോപിച്ചു. നൂറുകണക്കിനു തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നടപടിയാണിത്. ജീവനക്കാര്‍ ആശങ്കയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയ്യായിരത്തോളം ബസുകളുള്ള കെഎസ്ആര്‍ടിസിയില്‍ ലാഭകരമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന ആലോചന സജീവമാണ്. ടയറുകള്‍ നീക്കി പാര്‍ക്കിംഗിലേക്കു മാറ്റിയാല്‍ ഈ ബസുകളുടെ ഇന്‍ഷ്വറന്‍സ് തുകയടയ്ക്കുന്നത് ഒഴിവാക്കാം. എന്നാല്‍ നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ നിലയ്ക്കുന്നതോടെ സാധാരണക്കാരായ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും തൊഴിലാളികളുടെ ആശങ്കകളും ഇരട്ടിക്കുകയാണ്.