മങ്കൊന്പ്: ചങ്ങനാശ്ശേരിയിൽ നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ വാലടിവരെയെത്തി മടങ്ങുന്നത് കാവാലംകാരെ ദുരിതത്തിലാക്കുന്നു. തുരുത്തിയിൽ നിന്നുള്ള പുതിയ റോഡും മുളയ്ക്കാംതുരുത്തി പാലവും 2001ൽ ഗതാഗതത്തിനു തുറന്നുകൊടുത്തപ്പോൾ സർവീസുനടത്താനെത്തിയ സ്വകാര്യബസുകൾ തടഞ്ഞിട്ട് തങ്ങൾക്കു കെഎസ്ആർടിസി മാത്രം മതിയെന്നു വാശിപിടിച്ചവരാണു കാവാലംകാർ. അതിന്റെ പേരിൽ അനേകം പേർ കേസിൽ പെട്ടു.
പലരും പോലീസിന്റെ തല്ലും കൊണ്ടു. പക്ഷേ സ്വകാര്യബസ് വിരുദ്ധ സമരം നടത്തിയതിനെയോർത്ത് പരിതപിക്കേണ്ട അവസ്ഥയിലാണിപ്പോൾ നാട്ടുകാർ. വെള്ളമിറങ്ങിയിട്ടും സർവീസുകൾ പുനരാരംഭിക്കാൻ കെഎസ്ആർടിസി കൂട്ടാക്കാത്തതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്. നാരകത്തറമുതൽ കൃഷ്ണപുരം വരെ റോഡിൽ അൽപം വെള്ളമുണ്ടെന്നുള്ളതാണ് കാരണമായിപറയുന്നത്.
ബസുകൾ നാരകത്തറവരെയെത്തി തിരിഞ്ഞുപോകാനുള്ള സൗകര്യം നേരത്തേമുതൽ തന്നെ നിലവിലുണ്ടെങ്കിലും ബന്ധപ്പെട്ടവർ അതിനും കൂട്ടാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പ്രളയജലനിരപ്പ് കുറഞ്ഞശേഷം കഴിഞ്ഞ രണ്ടുദിവസമായി ചെറുവാഹനങ്ങൾ ഈ വഴിയേ കടന്നുപോകുന്നുണ്ട്. ചങ്ങനാശ്ശേരിയിലേക്കുള്ള സ്കൂൾബസുകളും ഓടിത്തുടങ്ങിയിട്ടുണ്ട്.
കുട്ടനാട്ടിൽ വെള്ളപ്പൊക്കം പതിവായതിനാൽ നെൽപ്പാടത്തുകൃഷിയില്ലെങ്കിൽ റോഡുകൾക്കുമുകളിൽ വെള്ളംകയറുക സാധാരണമാണ്. വർഷാവർഷം വൻതുകമുടക്കി റോഡുകൾ നന്നാക്കാറുണ്ടെങ്കിലും, ഓരോതവണ വെള്ളം കയറി ഇറങ്ങുന്പോഴും കുണ്ടുംകുഴിയുമൊക്കെ രൂപപ്പെടുന്നതും പുതുമയൊന്നുമല്ല. മുൻവർഷങ്ങളിൽ ഇപ്പോഴത്തേതിലും ജലനിരപ്പ് കൂടുതലായിരുന്ന അവസരങ്ങളിൽ പോലും കെഎസ്ആർടിസി സർവീസുകൾ മുടക്കിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഈ റൂട്ടിൽ നേരത്തെയുണ്ടായിരുന്ന ജീവനക്കാർ ഏറെ അർപ്പണബോധമുള്ളവരും നാട്ടുകാരോട് ആഭിമുഖ്യം പുലർത്തിയിരുന്നവരായിരുന്നെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പുതിയ ഷെഡ്യുൾ പരിഷ്കരണവും മറ്റും വന്നതോടെ കാര്യങ്ങൾ അവതാളത്തിലായതായാണ് അവരുടെ പരാതി.