കായംകുളം: യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ബസ് ഉപേക്ഷിച്ചു ഡ്രൈവർ സ്ഥലംവിട്ടു. ഇന്നലെ പുലർച്ചെ 1.30നു കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. പാറശാലയിൽനിന്നു തൃശൂരിലേക്കു പോകാൻ യാത്രക്കാരുമായി വന്ന ബസിൽനിന്നാണ് ഡ്രൈവർ അൻസിൽരാജ് ഇറങ്ങിപ്പോയത്.
ബസ് യാത്ര ആരംഭിച്ചപ്പോൾ മുതൽ ഡ്രൈവർ അപകടാവസ്ഥയിലാണ് വാഹനമോടിച്ചതെന്നു യാത്രക്കാർ പറഞ്ഞു. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാർ ബഹളം കൂട്ടുകയും ഡ്രൈവർ ബസ് ഉപേക്ഷിച്ചു പോവുകയുമായിരുന്നു.
ഡിപ്പോയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും ഇയാൾ മദ്യപിച്ചതാണെന്നു സംശയമുണ്ടായതോടെയാണ് ഇയാൾ സ്റ്റാൻഡിൽനിന്നു കടന്നതെന്നു പറയപ്പെടുന്നു. ഇയാളെക്കുറിച്ചു പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഡിപ്പോയിലെ മറ്റൊരു ഡ്രൈവറെ വരുത്തിയാണു ബസ് പിന്നീട് യാത്രക്കാരുമായി സർവീസ് നടത്തിയത്.