കായംകുളം: കെഎസ്്ആർടിസി കായംകുളം ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ കൊല്ലം ചെയിൻ സർവീസിന്റെ ഭാഗമായിട്ടാണ് വർഷങ്ങളുടെ പഴക്കമുള്ള ബസ് സർവീസുകൾ വരെ നിർത്തലാക്കുന്നത്.
രാവിലെ 6.15 ന് മുതുകുളം വഴി സർവീസ് നടത്തുന്ന ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ, 6.10ന് സർവീസ് നടത്തുന്ന അമൃത മെഡിക്കൽ കോളേജ് വരെയുള്ള ഫാസ്റ്റ് പാസഞ്ചർ, രാവിലെ അഞ്ചിനുള്ള എറണാകുളം ഫാസ്റ്റ് , ആറിനുള്ള തിരുവനന്തപുരം ഫാസ്റ്റ്, 8.45 ന് എറണാകുളം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തലാക്കുന്നത്.
15 മിനിറ്റ് ഇടവിട്ട് കൊല്ലം-ആലപ്പുഴ ചെയിൻ സർവീസ് തുടങ്ങുന്നതിന്റെ ഭാഗമായാണ് യാത്രക്കാർ ഏറെ ആശ്രയിക്കുന്ന നിലവിലുള്ള സർവീസുകൾ നിർത്തലാക്കുന്നതെന്നാണ് അറിയുന്നത്. ഇത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കും. ഗുരുവായൂർ ഫാസ്റ്റ് ഉൾപ്പടെ നിർത്താനുള്ള നീക്കത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള എംഎൽഎയായിരിക്കെയാണ് മുതുകുളം വഴി ഗുരുവായൂർ സർവീസ് തുടങ്ങുന്നത്. 45 വർഷത്തോളം പഴക്കമുള്ള ബസ് നിർത്തലാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഗുരുവായൂർ, അമൃത സർവീസ് അടക്കമുള്ള ബസുകൾ കെഎസ്ആർടിസി ഡിപ്പോയ്ക്ക് മികച്ച വരുമാനമാണ് നൽകുന്നത്. അമൃതയിലേക്കുള്ള ബസ് നിർത്തുന്നത് ആശുപത്രിയിലേക്ക് പോകുന്ന സാധരണക്കാരായ രോഗികളെയാണ് ദുരിതത്തിലാക്കുന്നത്.