തിരുവനന്തപുരം : ശമ്പളം ലഭിക്കാത്തതുമൂലം ദാരിദ്ര്യത്തിലായ കെഎസ്ആർടിസി ജീവനക്കാരുടെ അവസ്ഥമാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ.
ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ കഴിയുന്ന തരത്തിലുള്ള ആലോചനകൾ നടന്നുവരികയാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചതായും മന്ത്രി പറഞ്ഞു.അതേസമയം ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു.
ശമ്പളവിതരണത്തിനുള്ള 30 കോടി സർക്കാർ നൽകി. ബാക്കി ഏഴു കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്തു. പുതിയ മന്ത്രി വന്നിട്ടും ശമ്പളം കൊടുക്കാൻ കഴിയാത്തതിൽ യൂണിയനുകൾ പ്രതിഷേധിച്ചിരുന്നു.
പെൻഷൻ കുടിശിക രണ്ടാഴ്ചയ്ക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചാകും പെൻഷൻ നൽകുക. ഇതിനായി സർക്കാർ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.