പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ വർക്ക് ഫ്രം ഹോം സംവിധാനത്തിനും കരാർ, ദിവസ വേതനക്കാർക്ക് വേതനം നല്കുന്നതിനും മാനദണ്ഡങ്ങൾ നിശ്ചയിച്ച് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരന്റെ ഉത്തരവ്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വർക്ക് ഫ്രം ഹോം നടപ്പാക്കുന്നതെന്ന് ജൂലൈ ഒന്നിന് ഒപ്പുവെച്ച ഉത്തരവിൽ സൂചിപ്പിക്കുന്നു.
ഭിന്നശേഷിക്കാർ, ഇതര രോഗ ബാധിതർ, ഓട്ടിസം സെറിബ്രൽ പാൾസി, മറ്റ് മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ തുടങ്ങിയവരുടെ രക്ഷിതാക്കളായ ജീവനക്കാർ,
ഗർഭിണികൾ, അവയവ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, വിധേയരാകാൻ പോകുന്നവർ, ഒരു മാസത്തിന് മുമ്പ് വിധേയരായിട്ടുള്ളവർ തുടങ്ങിയവർക്കാണ് വർക്ക് ഫ്രം ഹോം ഡ്യൂട്ടി. ഈ വിഭാഗത്തിലുള്ളവർ ഡ്യൂട്ടിക്ക് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കും.
സാഹചര്യം അനുസരിച്ച് വർക്ക് ഫ്രം ഡ്യൂട്ടിയിൽ തുടരാൻ സൗകര്യം അനുവദിക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന തീയതികളിൽ പ്രത്യേക കാഷ്യൽ ലീവായി കണക്കാക്കാനും ഉത്തരവിൽ പറയുന്നു.
ഓഫീസ്, സർവീസ് ഓപ്പറേഷൻ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ഡ്യൂട്ടി ഇളവ് അനുവദിക്കണമെന്നാണ് നിർദ്ദേശം.
കോവിഡ് വ്യാപനം രൂക്ഷമായ ഏപ്രിൽ 24 മുതൽ മേയ് 8 വരെയുള്ള കരാർ, ദിവസ വേതനക്കാരുടെ വേതനത്തിനും ഉത്തരവായി. 50 ശതമാനമോ അതിലധികമോ ഹാജരുള്ളവർക്ക് ഹാജരാകേണ്ട മുഴുവൻ ദിവസങ്ങളിലെയും വേതനം അനുവദിച്ചിട്ടുണ്ട്.
50 ശതമാനത്തിൽ താഴെ മാത്രം ഹാജരുള്ളവർക്ക് ഹാജരായ ദിവസത്തെ വേതനവും സമ്പൂർണ്ണ ലോക് – ഡൗൺപ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളിലെ വേതനവും നല്കാനാണ് നിർദ്ദേശം.