കോട്ടയം: ജില്ലയിലെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെയാക്കി പുനഃക്രമീകരിച്ചു.
ലോക് ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പുറത്തിറക്കിയ പുതിയ നടപടിക്രമത്തിലാണ് രണ്ടു മണിക്കൂർ കൂടി അധികമായി അനുവദിച്ചത്.
പുതിയ സമയക്രമം ഇന്നു നിലവിൽ വന്നു. ഓട്ടോകളും ടാക്സികളും നിരത്തിലിറങ്ങുകയും കടകൾ തുറക്കുകയും ചെയ്തതോടെ നഗരങ്ങൾ സജീവമായിത്തുടങ്ങി.
കർശന നിയന്ത്രങ്ങളോടെ കെഎസ്ആർടിസി ബസുകൾ കൂടി സർവീസ് ആരംഭിച്ചതോടെ ആളുകൾ കൂടുതലായി എത്തിതുടങ്ങിയിട്ടുണ്ട്. ഇതോടെ പുത്തൻ സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടാണ് വ്യാപാരി സമൂഹവും.
ഇന്നു രാവിലെ മുതൽ പ്രവർത്തനമാരംഭിച്ച ബാർബർ ഷോപ്പുകളിലും ആളുകൾ എത്തിയിട്ടുണ്ട്. പലരും ഫോണ്‍ വിളിച്ചശേഷമാണ് ബാർബർ ഷോപ്പുകളിലേക്ക് എത്തുന്നത്.
നഗരത്തിലെ വിവിധ സ്്്റ്റാൻഡുകളിൽ ഓട്ടോറിക്ഷകൾ എത്തിയിട്ടുണ്ട്. ജ്വല്ലറികളും ഇന്നു മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
നീണ്ട നാളത്തെ ലോക്ഡൗണിനുശേഷം പെതു ജനങ്ങൾക്ക് ലഭിച്ച സുരക്ഷാ അവബോധം, മാസ്ക് ധരിക്കൽ, സാമൂഹിക അകലം, വ്യക്തി ശുചിത്വം തുടങ്ങിയവയിലൂടെ രോഗവ്യാപനംപിടിച്ചു നിറുത്താനാകുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ.