കൊച്ചി: സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ ആദ്യ ദിനം എറണാകുളം ജില്ലയിൽ ജന ജീവിതം സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്താത്തതു യാത്ര ക്ലേശം രൂക്ഷമാക്കി. എറണാകുളം ഡിപ്പോയിൽനിന്ന് പന്പ സ്പെഷ്യൽ സർവീസിനു പുറമേ രാവിലെ മറ്റ് സർവീസുകൾ നടത്തിയില്ല.
ജീവനക്കാർ എത്താത്തതിനെത്തുടർന്ന് പല സ്വകാര്യ, സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നില്ല. കൊച്ചിയിൽ മെട്രോ സർവീസ് സാധാരണപോലെ നടക്കുന്നുണ്ടെങ്കിലും രാവിലെ യാത്രികരുടെ എണ്ണത്തിൽ കുറവുണ്ടായി.പലയിടങ്ങളിലും സമരാനുകൂലികൾ ജോലിക്കെത്തിയവരെ തടയുന്ന സ്ഥിതി വിശേഷവും ഉടലെടുത്തു.
രാവിലെ തൃപ്പൂണിത്തുറയിൽ ചെന്നൈ-തിരുവനന്തപുരം ട്രെയിൻ 20 മിനിട്ടോളം തടഞ്ഞിട്ടു. ഇതേത്തുടർന്ന് പല ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്. ട്രെയിനുകൾ തടയില്ലെന്നും റെയിൽവേ സ്റ്റേഷനുകൾ പിക്കറ്റ് നടത്തുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും രാവിലെ ട്രെയിൻ തടയുകയായിരുന്നു.
ജില്ലയുടെ കിഴക്കൻ മേഖലകളിലും സ്ഥിതി വിഭിന്നമല്ല. ഗ്രാമപ്രദേശങ്ങളിൽ ഹർത്താൽ പ്രതീതിയാണുള്ളത്. മിക്ക സ്കൂളുകളും ഓഫീസുകളും പ്രവർത്തിക്കുന്നില്ല. ഇരുചക്ര വാഹനങ്ങളും കാറുകളും നിരത്തിലിറങ്ങിയെങ്കിലും യാത്രാ ക്ലേശത്തിന് അറുതിയില്ല. ചിലയിടങ്ങളിൽ വ്യാപാര കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ നന്നേ കുറവാണ്.
പ്രധാനമായും ശബരിമല തീർഥാടകരെ ലക്ഷ്യമാക്കി കൊച്ചിയിൽ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ചില ടാക്സി വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിലും നന്നേ കുറവാണ്. ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെ പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. പണിമുടക്കിനോടനുബന്ധിച്ച് ജില്ലയിൽ വിവിധയിടങ്ങളിൽ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.