പത്തനാപുരം: കെഎസ്ആര്‍ടിസി യുടെ പുതിയ സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി പത്തനാപുരത്ത് നിന്നുളള തൃശൂര്‍ സര്‍വ്വീസ് നിര്‍ത്തി. ദിവസവും പുലര്‍ച്ചെ 5. 10 ന് പത്തനാപുരം ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് അടൂര്‍, കോട്ടയം, മൂവാറ്റുപുഴ വഴി തൃശൂരിന് പോകുന്ന സര്‍വീസാണ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിയത്.
യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന സര്‍വ്വീസായിരുന്നു ഇത്. കൂടാതെ മികച്ച വരുമാനമായിരുന്നു ഡിപ്പോയിക്ക്കളക്ഷന് ഇനത്തില്‍ ലഭിച്ചുകൊണ്ടിരുന്നത്. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ബസ് സര്‍വീസ് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഉദ്ധ്യോഗാര്‍ത്ഥികള്‍ അടക്കമുളളവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു തൃശൂര്‍ സര്‍വ്വീസ്.
കൂടാതെ ഒന്നര വര്‍ഷം മുമ്പ് പത്തനാപുരം ഡിപ്പോയ്ക്ക് നല്കിയ പുതിയ രണ്ട് ബസുകളില്‍ ഒന്ന് മാനേജ്മെന്റ് തിരികെ വാങ്ങി പാലക്കാട് ഡിപ്പോയ്ക്ക് നല്കി. ഇതേ തുടര്‍ന്ന് ദിവസം സര്‍വ്വീസ് നടത്തുന്ന ചന്ദനക്കാംപാറ സര്‍വ്വീസ് നിര്‍ത്തേണ്ട അവസ്ഥയിലാണ്.
രാവിലെആറിന് പോകുന്ന എറണാകുളം, ഉച്ചയ്ക്ക് രണ്ടിന് പോകുന്ന മാനന്തവാടിയും താമസിയാതെ നിര്‍ത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. മികച്ച വരുമാനം നല്‍കിവരുന്ന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നത് സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.