കരുനാഗപ്പള്ളി: ഇടറോഡിലൂടെ കെ എസ് ആർ ടി സി ഓടിയത് ഒരു ജീവൻ കൈയ്യിലൊതുക്കി. ഓച്ചിറ കാള കെട്ടുൽസവത്തിന്റെ ഭാഗമായി ബസുകൾ തിരിച്ച് വിട്ടതോടെ പരിചിതമില്ലാത്ത വഴികളിലൂടെ കെഎസ്ആർടിസി ബസ് പാഞ്ഞെത്തിയതു കണ്ട് നാട്ടുകാർ അമ്പരന്നു. ചൊവാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ശിവഗിരിയിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട കോട്ടയം ഡിപ്പോയിലെ എ ടി എ 64 കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ കരുനാഗപ്പള്ളി പിന്നിട്ടപ്പോഴായിരുന്നു സംഭവം. ബസിലെ യാത്ര ക്കാരി കൊല്ലം ശക്തികുളങ്ങര സ്വദേശി സുധാംബികയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് കുഴഞ്ഞു വീണു.
പുതിയകാവിൽ നിന്നും കിഴക്കോട്ട് അരമത്തുമഠം വഴിതിരിച്ചുവിട്ടതോടെ രോഗിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ ബസിന്റെ പാച്ചിലായിരുന്നു. യാത്രക്കാരിയുടെ ജീവനു വേണ്ടി കെഎസ്ആർടി സി ബസ് മിന്നലായതോടെ റോഡ് യാത്രക്കാർ പലരും ബസ് ഡ്രൈവറെ കാര്യമറിയാതെ ചീത്ത വിളിച്ചെങ്കിലും ഡ്രൈവർ കെ എസ് ജയൻ ഇടവഴികളിലൂടെ ബസ് വേഗതയിൽ ഓടിക്കുകയായിരുന്നു. മണപ്പള്ളിയും കാമ്പിശേരിയും കറ്റാനവും കടന്ന് ബസ് കായംകുളത്തേക്ക് പാഞ്ഞു.
ഇതിനിടെ കണ്ടക്ടർ പി എസ് സന്തോഷ് കുമാറും സഹയാത്രികരും ചേർന്ന് രോഗിക്ക് പ്രഥമ ശ്രുശ്രൂഷയും നൽകി. ബസ് റൂട്ട് മാറിയെങ്കിലും പല സ്ഥലങ്ങളിലും ഇറങ്ങേണ്ട യാത്രക്കാരും സഹകരിച്ചു. കായംകുളത്തെത്തിയതോടെ അവിടെ തയാറാക്കിയിരുന്ന ആംബുലൻസിൽ സുധാംബികയെ ആശുപത്രിയിലെത്തിച്ചു. യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച ജീവനക്കാർക്കു ചുറ്റും അഭിനന്ദന പ്രവാഹവുമായി യാത്രക്കാരും കൂടി. അതോടെ തങ്ങൾ ഒരു ജീവൻ രക്ഷിച്ചതിന്റെ ആത്മ സന്തോഷത്തിലായിരുന്ന അവർ.