കോട്ടയം: പതിനായിരം രൂപ പ്രതിദിന കളക്ഷനില്ലാത്ത ഓര്‍ഡിനറി ബസുകള്‍ ഓടിക്കേണ്ടെന്ന കഐസ്ആര്‍ടിസി തീരുമാനം നടപ്പാക്കിയാല്‍ ജില്ലയില്‍ 137 സര്‍വീസുകള്‍ നിലയ്ക്കും. ദിവസം പതിനായിരം രൂപ വരുമാനമില്ലാത്ത ബസുകള്‍ 31ന് ഓട്ടം നിറുത്താനാണ് നിര്‍ദേശം. കോട്ടയം ജില്ലാ ഡിപ്പോയില്‍ മാത്രം 47 സര്‍വീസുകള്‍ മുടങ്ങും.
മെഡിക്കല്‍ കോളജ്, പാമ്പാടി പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകളും നഷ്ടമാകും. എരുമേലി 13, ഈരാറ്റുപേട്ട 31, പൊന്‍കുന്നം 14, വൈക്കം 20, ചങ്ങനാശേരി 12, പാലാ 24 എന്നിങ്ങനെയാണ് മറ്റു ഡിപ്പോകളില്‍ പതിനായിരത്തില്‍ താഴെ കളക്ഷനുള്ളവ. സ്വകാര്യ ബസുകള്‍ ഓടാത്ത മലമ്പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകളും സ്വകാര്യ ബസുകള്‍ ഓട്ടം നിറുത്തിയ ശേഷം രാത്രി വൈകിയും അതിരാവിലെയും നടത്തുന്ന സര്‍വീസുകളാണ് ഇതില്‍ പലതും. ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നുള്ള 10 ബസുകള്‍ അടിവാരം, വാഗമണ്‍, കൈപ്പള്ളി, കളത്വ, തലനാട്, ഏന്തയാര്‍ തുടങ്ങിയ റൂട്ടുകളില്‍ ഓടിക്കുന്നുണ്ട്.
ഗ്രാമീണ റൂട്ടിലുള്ള സര്‍വീസുകള്‍ നിലയ്ക്കുന്നതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് യാത്രക്കാര്‍ വലയും. നിറുത്തലാക്കേണ്ടി വരുന്ന സര്‍വീസുകള്‍ ഏറെയും രാത്രി ഒന്‍പതിനും ഇതിനുശേഷവും ഓടുന്നവയാണ്. ഈ സമയത്ത് സ്വകാര്യ ബസുകള്‍ ഇല്ലതാനും.